നിപ: കുട്ടിയുടെ നില അതീവഗുരുതരം, കോഴിക്കോട് മെഡി. കോളേജില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് 14-കാരന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. 30 പേര്‍ അടങ്ങിയ പ്രത്യേക സംഘത്തിനാണ് കുട്ടിയുടെ ചികിത്സാ ചുമതല. നിലവിലെ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, നിരീക്ഷണത്തില്‍ കഴിയുന്ന മൂന്ന് പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. നിപ സ്ഥിരീകരിച്ച കുട്ടിയുടെ സുഹൃത്ത് പനി ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഈ കുട്ടിയുടെ സ്രവവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഞായറാഴ്ച ഇതിന്റെ പരിശോധന ഫലം ലഭിക്കും. സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടെ സ്രവവും പരിശോധയ്ക്ക് അയച്ചു. ഹൈറിസ്‌ക് കാറ്റഗറിയില്‍ ബാക്കിയുള്ള 35 പേരുടെ സ്രവം ഞായറാഴ്ച പരിശോധനയ്ക്കായി അയക്കും.

മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിക്കാണ് കഴിഞ്ഞദിവസം നിപ ബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച രാത്രി ഏഴോടെ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഔദ്യോഗിക പരിശോധനാഫലം വന്നു. സംസ്ഥാനത്തു നടത്തിയ പരിശോധനയിലും രോഗം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന കുട്ടിയെ രോഗം സ്ഥിരീകരിച്ചതോടെ മെഡിക്കല്‍കോളേജിലേക്ക് മാറ്റി.

ഈ മാസം 10-ന് സ്‌കൂളില്‍നിന്നുവന്നപ്പോഴാണ് കുട്ടിക്ക് കടുത്ത ക്ഷീണവും പനിയും അനുഭവപ്പെട്ടത്. 12-ന് പാണ്ടിക്കാട്ടെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സതേടി. 13-ന് പാണ്ടിക്കാട്ടെ മറ്റൊരു ആശുപത്രിയിലും കാണിച്ചു. അവിടെനിന്ന് മരുന്നുകൊടുത്തുവിട്ടു. പനിമാറാത്തതിനാല്‍ വീണ്ടും അവിടെത്തന്നെ പ്രവേശിപ്പിച്ചു. മസ്തിഷ്‌കജ്വരം കണ്ടതോടെ ഉടന്‍തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും. ഇവിടെവെച്ച് ആദ്യം ചെള്ളുപനി സ്ഥിരീകരിച്ചു. തുടര്‍ന്ന് സംശയം തോന്നിയാണ് നിപ പരിശോധനയ്ക്ക് സ്രവം അയച്ചത്.

നിപ ബാധിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലുള്ളവരെയെല്ലാം കര്‍ശനനിരീക്ഷണത്തിലാക്കി. 15-ഓളംപേരില്‍നിന്ന് സ്രവം ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. പാണ്ടിക്കാടിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണമുണ്ടാവും. രോഗബാധയുടെ പശ്ചാത്തലത്തില്‍ ജനം മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു.

വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനം അതിജാഗ്രതയിലായി. സര്‍ക്കാര്‍ ഉത്തരവുപ്രകാരം രൂപവത്കരിച്ച 25 കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടങ്ങി. ചികിത്സയ്ക്കാവശ്യമായ മോണോക്ലോണല്‍ ആന്റിബോഡി പുണെ വൈറോളജി ലാബില്‍നിന്ന് അയച്ചുകഴിഞ്ഞു. ഞായറാഴ്ചതന്നെ അത് സംസ്ഥാനത്തെത്തും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story