
കൊച്ചിയിലെ ഹോട്ടലിൽ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; നാല് പേർക്ക് പരിക്ക്
February 6, 2025കൊച്ചി: ഹോട്ടലിലെ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെനില ഗുരുതരമാണെന്നാണ് വിവരം. ബംഗാൾ സ്വദേശിയായ അതിഥി തൊഴിലാളി സുമിത്താണ് മരിച്ചത്. മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലുള്ള ഒരാളുടെനിലയാണ് ഗുരുതരമായി തുടരുന്നത്.
നാഗാലന്‍ഡ് സ്വദേശികളായ കയ്‌പോ നൂബി, ലുലു, അസം സ്വദേശി യഹിയാന്‍ അലി, ഒഡിഷ സ്വദേശി കിരണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.കലൂർ സ്റ്റേഡിയത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഐഡലി കഫേയെന്ന സ്ഥാപനത്തിലാണ് ബോയിലർ പൊട്ടിത്തെറിച്ചത്.
ഉഗ്ര ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഹോട്ടലിലെ ചില്ലുകളടക്കം പൊട്ടുകയും പല സാധനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ച സുമിത്തിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചൂട് വെള്ളം വീണ് പൊള്ളൽ ഏൽക്കുകയും ചെയ്തിരുന്നു. അടുക്കള ഭാഗത്ത് ജോലിചെയ്തിരുന്നവര്‍ക്ക് മാത്രമാണ് പരിക്കേറ്റത്. സ്ഥാപനത്തിലെത്തിയ മറ്റ് ആളുകൾക്ക് പരിക്കേറ്റിട്ടില്ല. മറ്റ് കടകളിലേക്ക് തീപടർന്നില്ല എന്നതും ആശ്വാസകരമായി.