ഫുട്ബാൾ പരിശീലനം കഴിഞ്ഞ് മടങ്ങവേ എട്ടാം ക്ലാസുകാരന് ക്രൂരമർദനം, കർണപുടം തകർന്നു; സംഭവം പയ്യോളിയിൽ

പയ്യോളിയിൽ ഫുട്ബാൾ പരിശീലനം കഴിഞ്ഞ് മടങ്ങവേ എട്ടാം ക്ലാസുകാരന് ക്രൂരമർദനം, കർണപുടം തകർന്നു

February 18, 2025 0 By eveningkerala

കോഴിക്കോട്: പയ്യോളിയിൽ ഫുട്ബാൾ താരമായ എട്ടാം ക്ലാസുകാരന് ക്രൂരമർദനം. പരിശീലനം കഴിഞ്ഞ് മടങ്ങവേ മറ്റൊരു സ്കൂളിലെ വിദ്യാർഥികൾ ആക്രമിക്കുകയായിരുന്നു. മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്നു. രണ്ടാഴ്ച മുമ്പ് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. രണ്ട് സ്കൂളിലെയും വിദ്യാർഥികൾ തമ്മിൽ നേരത്തെ തർക്കമുണ്ടായതായാണ് വിവരം. പൊലീസ് നടപടി സ്വീകരിക്കാൻ വൈകിയെന്ന് വിദ്യാർഥിയുടെ കുടുംബം ആരോപിച്ചു.

തലക്ക് മർദനമേറ്റതായി കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. പിറ്റേദിവസത്തേക്ക് ചെവി അടയുകയും പിന്നാലെ ആശുപത്രിയിൽ എത്തിയപ്പോൾ കർണപുടം തകർന്നതായി കണ്ടെത്തുകയുമായിരുന്നു. നാലംഗ സംഘത്തിലെ മൂന്നുപേർ ചേർന്ന് അടിക്കുകയും ഒരാൾ വിഡിയോ പകർത്തുകയുമായിരുന്നു. പൊലീസിൽനിന്ന് പരാതിപ്പെട്ടെങ്കിലും ആദ്യം കേസെടുത്തില്ല. പിന്നീട് ഇവർ നേരിട്ട് എസ്.പി ഓഫിസിൽ എത്തിയതോടെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും കുട്ടിയുടെ കുടുംബം പറഞ്ഞു.

അതേസമയം ആരോപണ വിധേയരായ വിദ്യാർഥികളുടെസ്കൂളിൽ മാതാപിതാക്കളെ വിളിപ്പിച്ചിട്ടുണ്ട്. പൊലീസ് കേസുണ്ടെങ്കിലും ഇവർക്കെതിരെ സ്കൂളിൽ പരാതി ലഭിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.