പാതിവില തട്ടിപ്പ്: സംസ്ഥാന വ്യാപകമായി ഇ.ഡി റെയ്ഡ്, പരിശോധന 12 ഇടങ്ങളിൽ

പാതിവില തട്ടിപ്പ്: സംസ്ഥാന വ്യാപകമായി ഇ.ഡി റെയ്ഡ്, പരിശോധന 12 ഇടങ്ങളിൽ

February 18, 2025 0 By Editor

കൊച്ചി: പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് ലാലി വിൻസന്‍റിന്‍റെയും ആനന്ദ് കുമാറിന്‍റെയും വീടുകളിൽ ഇ.ഡി റെയ്ഡ്. ആനന്ദ് കുമാറിന്‍റെ തിരുവനന്തപുരം ശാസ്തമംഗലത്തെ ഓഫിസിലും പരിശോധന നടക്കുന്നുണ്ട്. തട്ടിപ്പിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നറിയാനായി 12 ഇടങ്ങളിലായാണ് ഇ.ഡി പരിശോധന നടത്തുന്നത്. എൻ.ജി.ഒ കോൺഫെഡറേഷന്‍റെ ഭാരവാഹി കൂടിയാണ് അഭിഭാഷകയായ ലാലി വിൻസെന്‍റ്.

കേസിൽ അറസ്റ്റിലായ അനന്തു കൃഷ്ണന്‍റെ ഇടുക്കിയിലെ വീട്ടിലും ഓഫിസിലും ഇ.ഡിയും ക്രൈംബ്രാഞ്ചും പരിശോധന നടത്തുപന്നുണ്ട്. നേരത്തെ ജീവനക്കാരെ വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. 23 അക്കൗണ്ടുകൾ വഴി 450 കോടിയോളം രൂപയുടെ ഇടപാടാണ് സംസ്ഥാനത്തെ വിവിധയിടങ്ങളിലായി നടന്നത്. ആയിരക്കണക്കിനു പേരാണ് തട്ടിപ്പിന് ഇരയായത്. ഇതിനിടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്ന് ഇ.ഡി സംശയിക്കുന്നു.

കേസിൽ ആരെയെങ്കിലും ഇന്ന് കസ്റ്റഡിയിലെടുക്കാൻ ഇ.ഡി ഉദ്ദേശിക്കുന്നില്ല. രേഖകളെല്ലാം പരിശോധിക്കുക എന്നതാണ് പരിശോധനയുടെ പ്രധാന ഉദ്ദേശ്യം. ചൊവ്വാഴ്ച വൈകിട്ട് വരെ പരിശോധന നടത്തുന്നുണ്ട്. കൊച്ചിയിൽനിന്നുള്ള ഉദ്യോഗസ്ഥർക്ക് പുറമെ കോഴിക്കോട് സോണൽ ഓഫിസിലെ ഇ.ഡി ഉദ്യോഗസ്ഥരും പരിശോധനയുടെ ഭാഗമാകുന്നുണ്ട്.

തട്ടിപ്പു കേസിലെ ഗൂഢാലോചനക്കാരിൽ പ്രധാനിയാണ് ആനന്ദ് കുമാറെന്ന് പൊലീസ് പറയുന്നു. എന്നാൽ തന്‍റെ ഓഫിസും പേരും അനന്തു കൃഷ്ണൻ ഉപയോഗിക്കുകയായിരുന്നു എന്നാണ് ആനന്ദ് കുമാറിന്‍റെ വാദം. ആനന്ദ് കുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് ഇ.ഡി റെയ്ഡ് നടത്തുന്നത്.

അനന്തു കൃഷ്ണന്‍റെ ലീഗൽ അഡ്വൈസറായിരുന്നു താനെന്നും അതിനായി ഫീസിനത്തിൽ പണം വാങ്ങിയെന്നുമാണ് ലാലി വിൻസെന്‍റ് പൊലീസിന് മൊഴി നൽകിയത്. 46 ലക്ഷം രൂപ ലാലി വിൻസെന്‍റിന് കൈമാറിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പലപ്പോഴായി കിട്ടിയ ഫീസാണിതെന്ന് ലാലി പറയുന്നു. എന്നാൽ ഇതിന് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമുണ്ടോ എന്ന് ഇ.ഡി സംശയിക്കുന്നു.