
ഭീകരരിൽ 2 പേർ പാക്കിസ്ഥാനിൽനിന്നു പരിശീലനം ലഭിച്ചവരെന്ന് വിവരം; പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ തിരികെയെത്തി
April 23, 2025ശ്രീനഗർ∙ ജമ്മു കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി യാത്ര ഒരു ദിവസം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ തിരികെയെത്തി. മുൻനിശ്ചയപ്രകാരം ഇന്നു രാത്രിയായിരുന്നു പ്രധാനമന്ത്രിയുടെ സൗദി യാത്ര അവസാനിക്കേണ്ടിയിരുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ സ്ഥിതിഗതികൾ ധരിപ്പിച്ചു. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. 2019ലെ പുൽവാമ ആക്രമണത്തിനു ശേഷമുള്ള കശ്മീരിലെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്.
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയത് ആറംഗസംഘം
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയത് ആറംഗസംഘം. ഒന്നിലധികം ബൈക്കുകൾ ഉപയോഗിച്ചു. നമ്പർ പ്ലേറ്റിലാത്ത ഒരു ബൈക്ക് സമീപത്ത് നിന്ന് കണ്ടെത്തി. ഭീകരർ രണ്ടു സംഘമായി തിരിഞ്ഞ് എകെ 47 തോക്കുപയോഗിച്ച് വെടിയുതിർത്തു. ഭീകരസംഘത്തിലെ രണ്ടുപേർ പാക്കിസ്ഥാനിൽ നിന്ന് പരിശീലനം ലഭിച്ചവരാണെന്ന് വിവരം.