ഷഹബാസ് കൊലക്കേസ്; പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗൗരവകരമെന്ന് ഹൈക്കോടതി

ഷഹബാസ് കൊലക്കേസ്; പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗൗരവകരമെന്ന് ഹൈക്കോടതി

April 23, 2025 0 By eveningkerala

കൊച്ചി: താമരശ്ശേരി ഷഹബാസിന്റെ കൊലപാതക കേസില്‍ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി. പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗൗരവകരമെന്ന് കോടതി നിരീക്ഷിച്ചു. പ്രതികളുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. അതേസമയം, ഷഹബാസിന്റെ പിതാവിന്റെ കക്ഷി ചേരൽ അപേക്ഷ ഹൈക്കോടതി അനുവദിച്ചു.

കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികൾ നിലവിൽ വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിലാണ്. ഇവരുടെ ജാമ്യാപേക്ഷ നെരത്തെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. എളേറ്റില്‍ വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്. താമരശ്ശേരിയിൽ ഷഹബാസ് ഉൾപ്പെടുന്ന എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിൽ ട്യൂഷൻ സെന്‍ററിലെ കലാപരിപാടിയെ ചൊല്ലി സംഘര്‍ഷം ഉണ്ടായ സംഘര്‍മാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഫെബ്രുവരി 28 നായിരുന്നു സംഭവം. സംഘർഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഷഹബാസിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

നഞ്ചക്ക് എന്ന ആയുധം കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു. രക്ഷിതാക്കൾ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വെന്‍റിലേറ്റര്‍ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ഷഹബാസിന്‍റെ ജീവൻ നിലനിർത്താനായത്. മാർച്ച് 1ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഷഹബാസ് മരിച്ചു.