വ്യോമസേനയിൽ കമീഷൻഡ് ഓഫിസറാകാം
ഡിസംബർ 31 വരെ അപേക്ഷിക്കാം
ഭാരതീയ വായുസേനയിൽ ഫ്ലൈയിങ് ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ കമീഷൻഡ് ഓഫിസറാകാം. 2026 ജനുവരിയിലാരംഭിക്കുന്ന കോഴ്സുകളിലേക്ക് (01/2025) എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിലൂടെയും എൻ.സി.സി സ്പെഷൽ എൻട്രി വഴിയുമാണ് പ്രവേശനം.
യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളുമടക്കം വിശദവിവരങ്ങൾ https://afcat/cdac.in, https://careerindianairforce.cdac.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. ഓൺലൈനായി ഡിസംബർ 31 വരെ അപേക്ഷിക്കാം.
മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. വൈകല്യങ്ങൾ പാടില്ല.
വിവിധ ബ്രാഞ്ചുകളിലായി 336 ഒഴിവുകളുണ്ട്. ഫ്ലൈയിങ് -പുരുഷന്മാർ 21, വനിതകൾ -ഒമ്പത്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) എയ്റോണോട്ടിക്കൽ എൻജിനീയർ, ഇലക്ട്രോണിക്സ്: പുരുഷന്മാർ 95, വനിതകൾ 27, മെക്കാനിക്കൽ 53-14, ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) വെപ്പൺ സിസ്റ്റംസ് ബ്രാഞ്ച്- 14-3, അഡ്മിനിസ്ട്രേഷൻ -42-11, ലോജിസ്റ്റിക്സ്- 13-3, അക്കൗണ്ട്സ്- 11-2, എജുക്കേഷൻ- 7-2, മെറ്റിയോറോളജി- 7-2, എൻ.സി.സി സ്പെഷൽ എൻട്രി വഴി ഫ്ലൈയിങ് ബ്രാഞ്ചിൽ സി.ഡി.എസ്.ഇ ഒഴിവുകളിൽ 10 ശതമാനത്തിലും നിയമനം ലഭിക്കും.
ഫ്ലൈയിങ് ബ്രാഞ്ചിൽ 14 വർഷവും ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചിൽ 10-14 വർഷവും ഷോർട്ട് സർവിസ് കമീഷൻഡ് ഓഫിസറായി സേവനമനുഷ്ഠിക്കാം. ഈ കാലയളവിൽ പെൻഷന് അർഹതയില്ല. തുടർന്ന് ലഭ്യമായ ഒഴിവുകളിൽ അർഹതയുള്ളവർക്ക് സ്ഥിരം കമീഷൻഡ് ഓഫിസറായി നിയമനം ലഭിക്കും. ഫ്ലൈയിങ് ഓഫിസറായി 56,100-1,77,500 രൂപ ശമ്പള നിരക്കിലാണ് നിയമിക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമിയിൽ 2026 ജനുവരി മുതൽ 52-62 ആഴ്ചത്തെ പരിശീലനം നൽകും. പരിശീലനകാലത്ത് ഫ്ലൈറ്റ് കാഡറ്റുകൾക്ക് പ്രതിമാസം 56,100 രൂപ സ്റ്റൈപൻഡ് ലഭിക്കും. അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.