ഓൺലൈൻ തട്ടിപ്പ് ശൃംഖല മലപ്പുറത്തും ; അക്കൗണ്ട് വഴി പണം സ്വീകരിച്ച കോട്ടക്കൽസ്വദേശിയായ യുവാവ് അറസ്റ്റിൽ
കോട്ടക്കൽ: ചെറിയ ലാഭത്തിന് വേണ്ടി സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറ്റം ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്. ഓൺലൈൻ തട്ടിപ്പിലൂടെ ലഭിച്ച ലക്ഷങ്ങൾ സ്വന്തം അക്കൗണ്ടിലൂടെ സ്വീകരിച്ച യുവാവിനെ പിടികൂടി തമിഴ്നാട് പൊലീസ്. കോട്ടക്കൽ കാവതികളം സ്വദേശി പൊന്മളത്തൊടി മുഹമ്മദ് ഹുസൈനെയാണ് (24) കോട്ടക്കൽ പൊലീസിന്റെ സഹായത്തോടെ ഈറോഡ് സ്പെഷൽ സൈബർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി. ഭാരതീരാജ അറസ്റ്റ് ചെയ്തത്.
അക്കൗണ്ടിലേക്ക് അയക്കുന്ന പണം പിൻവലിച്ചുകൊടുത്താൽ കമീഷൻ നൽകാമെന്നായിരുന്നു ഹുസൈന് ലഭിച്ച വാഗ്ദാനം. ആട്ടീരി സ്വദേശിയായ സുഹൃത്തിന്റെ നിർദേശപ്രകാരം നാല് ലക്ഷം രൂപയാണ് ഹുസൈന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചത്. ഇത് പിൻവലിച്ചുകൊടുത്തതിന് 3500 രൂപ കമീഷനും കൈപ്പറ്റി. ഈറോഡ് സൈബർ സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് പൊലീസ് സംഘം കോട്ടക്കലിൽ എത്തുന്നത്.
പണം അക്കൗണ്ട് വഴി സ്വീകരിച്ചതടക്കമുള്ള ക്രയവിക്രയങ്ങൾ സൈബർ സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതോടെ ഹുസൈനെ പ്രതി ചേർക്കുകയായിരുന്നു. ഇയാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചവർ ഒളിവിലാണ്. മൊബൈൽ ഫോണുകളും സ്വിച്ച് ഓഫായ നിലയിലാണ്.പൊലീസുകാരായ ഗൗരീശങ്കർ, ആർ. പൂവലങ്കൻ, ബുവനേഷ് കുമാർ എന്നിവരടങ്ങുന്ന സംഘം കോട്ടക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.
ബാങ്ക് അക്കൗണ്ട് നമ്പറുകൾ നൽകരുത്
കോട്ടക്കൽ: ഓൺലൈൻ തട്ടിപ്പിലൂടെ ലഭിക്കുന്ന ലക്ഷങ്ങൾ മാഫിയകൾ സ്വന്തമാക്കുന്നത് കൂടുതലും കൗമാരക്കാരുടെ അക്കൗണ്ടുകൾ വഴി. ഒറ്റയടിക്ക് വലിയ ലാഭം കിട്ടുന്നതിനാൽ മിക്കവരും ഇതിന് തയാറാണ്. കുറഞ്ഞ സമയത്തിനുള്ളിൽ ആയിരങ്ങൾ കിട്ടുമെന്നതിനാൽ പലരും ഇത്തരം മാഫിയകൾക്ക് പിന്നാലെയാണ്. പലരും ഇതിന്റെ ചതിക്കുഴികൾ അറിയാതെയാണ് അകപ്പെടുന്നതെന്നാണ് പൊലീസ് പറയുന്നത്.
അപൂർവം പരാതികൾ മാത്രമാണ് പൊലീസിൽ എത്തുന്നത്. എത്തിയാൽ തന്നെ മുഖ്യകണ്ണികൾ കേസിൽ ഉൾപ്പെടില്ല. പണം അക്കൗണ്ട് വഴി സ്വീകരിക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്യുന്നവർ മാത്രമാണ് പ്രതി ചേർക്കപ്പെടുന്നത്. കോട്ടക്കൽ, ഇന്ത്യനൂർ, വില്ലൂർ തുടങ്ങിഭാഗങ്ങളിലുള്ള നിരവധി പേരെയാണ് ഇത്തരം മാഫിയകൾ വലയിലാക്കിയിരിക്കുന്നത്. ഇത്തരം പണം സ്വീകരിക്കരുതെന്നും അങ്ങിനെ ചെയ്തിട്ടുണ്ടെങ്കിൽ പൊലീസിനെ വിവരമറിയിക്കണമെന്നും ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ അറിയിച്ചു.