ആഭരണങ്ങൾക്കായി വയോധികയെ കൊന്നു; മൃതദേഹം ട്രോളി ബാഗിലാക്കി ചെന്നൈയിലെത്തിച്ചു
ചെന്നൈ: ആഭരണങ്ങൾക്കായി വയോധികയെ കൊന്ന് മൃതദേഹം ബാഗിലാക്കി ട്രെയിനിൽ ചെന്നൈയിലെത്തിച്ച അച്ഛനും മകളും അറസ്റ്റിൽ. സേലം സ്വദേശികളായ ബാലസുബ്രഹ്മണ്യം (43), 17 വയസുള്ള മകൾ എന്നിവരാണ് പിടിയിലായത്. നെല്ലൂർ സ്വദേശി മന്നം രമണി (65) ആണു കൊല്ലപ്പെട്ടത്.
മകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതിനാണ് കൊലപ്പെടുത്തിയതെന്നാണ് ബാലസുബ്രഹ്മണ്യം ആദ്യം മൊഴി നൽകിയത്. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോൾ മോഷണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് സമ്മതിക്കുകയായിരുന്നു.
ആഭരണങ്ങൾ ധാരാളം ധരിക്കാറുള്ള മന്നം രമണിയെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. കിടക്കവിരി കൊണ്ടു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം താലിമാല, മറ്റൊരു സ്വർണമാല, കമ്മൽ എന്നിവ കവർന്നു.
മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ശേഷം ട്രോളി ബാഗിലാക്കി നെല്ലൂരിൽനിന്നു സബേർബൻ ട്രെയിനിൽ കയറിയ ബാലസുബ്രഹ്മണ്യവും മകളും ചെന്നൈയ്ക്കു സമീപം മിഞ്ചൂരിൽ ഇറങ്ങി. ബാഗ് ഇവിടെ ഉപേക്ഷിച്ച് മടങ്ങാനായിരുന്നു ഇവരുടെ പദ്ധതി. സംശയം തോന്നിയ യാത്രക്കാർ റെയിൽവേ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.