ക്ഷേത്രത്തിലെത്തിയ ഭക്തയെ പ്രസാദത്തില്‍ ലഹരി നല്‍കി പീഡിപ്പിച്ചു; പൂജാരിക്കെതിരെ കേസ്
പ്രസാദത്തില്‍ ലഹരി നല്‍കി മയക്കിയശേഷം യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പൂജാരിക്കെതിരെ കേസ്. രാജസ്ഥാനിലെ സികാര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയായ ബാബ ബാലക്നാഥിന് എതിരെയാണ് പോലീസ് കേസ് എടുത്തത്.
”കുടുംബ പ്രശ്‌നങ്ങളെല്ലാം തീര്‍ത്തുതരുമെന്ന് ചിലര്‍ പറഞ്ഞത് കേട്ടിട്ടാണ് പൂജാരിയുടെ അടുത്ത് എത്തിയത്. അവിടെ എത്തിയപ്പോള്‍ പൂജാരി മധുരമുള്ളൊരു പ്രസാദം തന്നു. അതു കഴിച്ചാല്‍ എന്റെ പ്രശ്‌നങ്ങളെല്ലാം തീരുമെന്ന് പറഞ്ഞു.
പ്രസാദം കഴിച്ച് മയങ്ങിയപ്പോള്‍ മൂന്ന് തവണ ബലാത്സംഗം ചെയ്തു. ബാബയുടെ ഡ്രൈവര്‍ സംഭവം ക്യാമറയില്‍ പകര്‍ത്തി,” യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രസാദത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയാണ് തന്നെ ബോധം കെടുത്തിയതെന്നും യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
ബോധം വീണപ്പോള്‍ താന്‍ ദേഷ്യപ്പെട്ടുവെന്നും, അപ്പോള്‍ ബാബയും സഹായികളും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു. ബലാത്സംഗ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് വൈറലാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു.