രാജ്യം ഇന്ന് 75ാം ഭരണഘടനാ ദിനം ആചരിക്കുന്നു
ന്യൂഡല്‍ഹി : ഭരണഘടന രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഡോ.ബി.ആര്.അംബേദ്കറുടെ ജന്മവാര്ഷിക ദിനത്തോടനുബന്ധിച്ച് ഇന്ന് ‘സംവിധാന്‍ ദിവസ്’ എന്ന പേരില്‍ രാജ്യം ഭരണഘടനാ ദിനം ആചരിക്കുന്നു. നിയമദിനം എന്ന പേരില്‍ ആഘോഷിച്ചിരുന്ന ഈ ദിവസം 2015ലാണ് കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ ദിനമായി പുനര്‍നാമകരണം ചെയ്തത്. 2015 അംബേദ്കറുടെ 125ാം ജന്മവാര്ഷിക ദിനം കൂടിയായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് സര്‍ക്കാര്‍ ഈ ആശയം മുന്നോട്ടു വെച്ചത്.
പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 11 ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു എത്തുന്നതോടെ ഭരണഘടനാ വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും, ഉപരാഷ്ട്രപതിയും രാജ്യസഭാദ്ധ്യക്ഷനുമായ ജഗ്ദീപ് ധന്‍കറും സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഭരണഘടനയുടെ ആത്മാവെന്ന് വിശേഷിപ്പിക്കുന്ന ആമുഖം രാഷ്ട്രപതി സഭയില്‍ വായിക്കും. ഭരണഘടനയുടെ രൂപീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഹ്രസ്വചിത്രവും പ്രദര്‍ശിപ്പിക്കും.
ഭരണഘടന അംഗീകരിച്ച ദിവസത്തിന്റെ ഓര്‍മ്മയ്ക്കായി സ്റ്റാമ്ബും നാണയവും ഇന്ന് പുറത്തിറക്കും. സംസ്കൃതം, മൈഥിലി എന്നീ ഭാഷകളില്‍ കൂടി ഭരണഘടന ഇന്ന് പുറത്തിറക്കും. ഇതിന് പുറമെ ഭരണഘടനയുടെ മൂല്യങ്ങള്‍ എടുത്ത് കാണിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിലുണ്ടാകും.
1949 നവംബര്‍ 26നാണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഭരണഘടനാ നിര്‍മാണസഭയുടെ അംഗീകാരം ലഭിച്ചത്. എന്നാല്‍, 1950 ജനുവരി 26നാണ് ഭരണഘടന പ്രാബല്യത്തില്‍ വരുന്നത്.