രാജ്യാന്തര ക്രൂഡ്ഓയില്‍ വിലയില്‍ വീണ്ടും ഇടിവുണ്ടായതോടെ ഇന്ത്യയില്‍ ഇന്ധന വില കുറയ്ക്കാനുള്ള നീക്കം ഉടനുണ്ടായേക്കും ; ബ്രസീല്‍ എണ്ണയ്ക്കായി ഇന്ത്യ
രാജ്യാന്തര ക്രൂഡ്ഓയില്‍ വിലയില്‍ വീണ്ടും ഇടിവുണ്ടായതോടെ ഇന്ത്യയില്‍ ഇന്ധന വില കുറയ്ക്കാനുള്ള നീക്കം ഉടനുണ്ടായേക്കുമെന്ന് സൂചന. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എണ്ണയുടെ രാഷ്ട്രീയം വലിയ സ്വാധീനം ചെലുത്തുമെന്ന തിരിച്ചറിവ് കേന്ദ്രത്തിനുണ്ട്. തിരഞ്ഞടുപ്പ് പ്രഖ്യാപിക്കുംമുമ്പേ എണ്ണവില അഞ്ചുരൂപ വരെ കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു.
എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് പോയപ്പോള്‍ ക്രൂഡ്ഓയില്‍ വിലയും അടിച്ചുകയറിയതോടെ തീരുമാനം മാറ്റുകയായിരുന്നു.നിലവില്‍ ഡബ്ല്യു.ടി.ഐ ക്രൂഡിന്റെ വില 71 ഡോളറിലാണ്. ഇനിയും ഇടിവുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധസമാന സാഹചര്യമാണ് പലപ്പോഴും എണ്ണവില കയറുന്നതിന് കാരണമായത്. നിലവില്‍ പ്രതിസന്ധിക്ക് അയവു വന്നിട്ടുണ്ട്. ഉത്പാദക രാജ്യങ്ങളില്‍ നിന്ന് പൂര്‍ണതോതില്‍ തന്നെ എണ്ണ വിപണിയിലേക്ക് ഒഴുകുന്നുണ്ട്. ബ്രസീലും ഗയാനയും കൂടുതല്‍ ക്രൂഡ്ഓയില്‍ വിപണിയിലേക്ക് എത്തിക്കുന്നത് ഒപെക് പ്ലസ് രാജ്യങ്ങളുടെ വിലനിര്‍ണയ ശക്തിയെ ബാധിക്കുന്നുണ്ട്. എണ്ണ ഉത്പാദനം കുറച്ച് വില കൂട്ടുകയെന്ന പക്ഷക്കാരാണ് സൗദി അടക്കമുള്ള രാജ്യങ്ങള്‍. എന്നാല്‍ ചൈനയില്‍ നിന്നടക്കമുള്ള ഡിമാന്‍ഡ് കുറഞ്ഞ നിലയില്‍ തുടരുന്നത് ഇൗ നീക്കത്തിന് തിരിച്ചടിയാണ്.
മധ്യേഷ്യയിലെ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളും റഷ്യന്‍ ഓഫര്‍ നിലച്ചതുമെല്ലാം പുതിയ രാജ്യങ്ങളിലേക്ക് കണ്ണെറിയാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള സാധ്യതകള്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. 2024ല്‍ അഞ്ചുമാസം മാത്രമാണ് ബ്രസീലില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തത്.
ഏപ്രിലില്‍ പ്രതിദിനം 41,600 ബാരല്‍ ഇറക്കുമതി നടത്തിയതാണ് ഉയര്‍ന്ന അളവ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ 1,43,000 ബാരലുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ കുറവാണിത്. ഇതിന് മാറ്റംവരുത്താനാണ് ബ്രസീലുമായി ഇന്ത്യ ചര്‍ച്ചകള്‍ നടത്തുന്നത്. പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ബ്രസീലില്‍ നിന്ന് എണ്ണ എത്തിക്കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ വലിയ വെല്ലുവിളിയാണ്. റഷ്യ നല്‍കിയിരുന്നത്ര ഇളവുകള്‍ ഈ ലാറ്റിനമേരിക്കന്‍ രാജ്യത്തു നിന്ന് പ്രതീക്ഷിക്കാനും വയ്യ. ബ്രസീലിലെ എണ്ണ മേഖലയില്‍ ഇന്ത്യന്‍ നിക്ഷേപം കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ധിച്ചിരുന്നു. ഭാവിയിലേക്കുള്ള ഊര്‍ജ്ജ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള ദീര്‍ഘകാല നിക്ഷേപമാണ് ഇന്ത്യ നടത്തുന്നത്. ഈ നിക്ഷേപങ്ങളില്‍ നിന്നുള്ള ഇന്ത്യയുടെ അവകാശ ഉത്പാദനം 2023ലെ 8,000 ബാരലില്‍ നിന്ന് 2028ല്‍ പ്രതിദിനം 40,000 ബാരലായി ഉയരുമെന്നാണ് പ്രതീക്ഷ.