‘ഭാര്യയുണ്ട്, വീട്ടിൽ കൊണ്ടുപോകില്ല’: കാമുകിയെ 50 കഷ്ണങ്ങളാക്കി, ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ

ജാർഖണ്ഡിലെ വനപ്രദേശത്ത് യുവാവ് പങ്കാളിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ശരീരം 40–50 കഷ്ണങ്ങളാക്കി മുറിച്ചു. സംഭവത്തിൽ നരേഷ് ഭെൻഗ്ര (25) അറസ്റ്റിലായി. ഇയാൾ ഇറച്ചിവെട്ടുകാരനാണെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തിനു രണ്ടാഴ്ചയ്ക്കുശേഷം നവംബർ 24ന് ജരിയഗഡ് പൊലീസ് സ്റ്റേഷനിലെ ജോർദാഗ് ഗ്രാമത്തിനു സമീപം തെരുവുനായ മനുഷ്യന്റെ ശരീരഭാഗങ്ങൾ കടിച്ചുനടക്കുന്നതു ശ്രദ്ധിച്ചപ്പോഴാണു സംഭവം പുറത്തറിഞ്ഞത്.

24 വയസ്സുള്ള തമിഴ്നാട്ടുകാരിയുമായി 2 വർഷമായി നരേഷ് അടുപ്പത്തിലായിരുന്നു കുറച്ചുകാലം മുൻപ് ഇയാൾ തന്റെ പങ്കാളിയോടു പറയാതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. യുവതിയെ വീട്ടിലേക്കു കൊണ്ടുപോകാൻ ആഗ്രഹിക്കാത്തതിനാൽ ക്രൂരമായി കൊല്ലുകയായിരുന്നു. ഇയാൾ തമിഴ്‌നാട്ടിലെ ഇറച്ചിക്കടയിൽ ജോലി ചെയ്യുന്ന ആളാണെന്നും മാംസം മുറിക്കുന്നതിൽ വിദഗ്ധനാണെന്നും കേസ് അന്വേഷിച്ച ഇൻസ്‌പെക്ടർ അശോക് സിങ് പറഞ്ഞു. യുവതിയുടെ ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി മുറിച്ചതായി ഇയാൾ സമ്മതിച്ചു.

കാട്ടിലെ വന്യമൃഗങ്ങൾ മൃതദേഹം ഭക്ഷിക്കുന്നതിനു മുൻപു തെരുവുനായ മൃതദേഹം കൈക്കലാക്കിയതാണു കേസിൽ വഴിത്തിരിവായത്. നിരവധി ശരീരാവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തു. താൻ ട്രെയിനിൽ കയറിയെന്നും പങ്കാളിക്കൊപ്പം താമസിക്കുമെന്നും യുവതി അമ്മയെ അറിയിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. ശരീരഭാഗങ്ങൾ കണ്ടെടുത്തതിനു പിന്നാലെ യുവതിയുടെ ആധാർ കാർഡ് ഉൾപ്പെടെയുള്ളവ അടങ്ങിയ ബാഗും വനത്തിൽനിന്നു കണ്ടെത്തി. യുവതിയുടെ അമ്മയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ അവർ മകളുടെ സാധനങ്ങൾ തിരിച്ചറിഞ്ഞു.

Related Articles
Next Story