യുപിയില്‍ നവജാതശിശുക്കള്‍ വെന്തുമരിച്ചതിന്‍റെ കാരണം കണ്ടെത്തി; തീപിടിത്തത്തിൻ്റെ റിപ്പോർട്ട് പുറത്ത്

ഝാൻസിയിലെ മഹാറാണി ലക്ഷ്മി ബായി മെഡിക്കൽ കോളേജിലെ നവജാത ശിശുക്കളുടെ വാർഡിൽ ഉണ്ടായ അപകടം യാദൃശ്ചികമാണെന്നും ബോധപൂർവമല്ലെന്നുമാണ് കണ്ടെത്തൽ

ഡൽഹി:ഉത്തർപ്രദേശിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ 11 നവജാത ശിശുക്കളുടെ ജീവനെടുത്ത തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്തി രണ്ടംഗ അന്വേഷണ സമിതി. ഝാൻസിയിലെ മഹാറാണി ലക്ഷ്മി ബായി മെഡിക്കൽ കോളേജിലെ നവജാത ശിശുക്കളുടെ വാർഡിൽ ഉണ്ടായ അപകടം യാദൃശ്ചികമാണെന്നും ബോധപൂർവമല്ലെന്നുമാണ് കണ്ടെത്തൽ. സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചനയോ അശ്രദ്ധയോ ഇല്ലെന്നാണ് അന്വേഷണ സമിതി റിപ്പോർട്ട് നൽകിയിരിക്കുന്നത്. അതിനാൽ സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ലെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ഡിഐജി കലാനിധി നഥാനി, ഝാൻസി കമ്മിഷണർ വിപുൽ ദുബെ എന്നിവരടങ്ങിയ സമിതിയാണ് 24 മണിക്കൂറിനകം അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിച്ചത്. സ്വിച്ച്ബോർഡിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്. സ്പ്രിംഗ്ളറുകൾ സ്ഥാപിക്കാത്തതിനാൽ തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചില്ലെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. നവജാതശിശുക്കൾ ഉള്ളതിനാലാണ് എൻഐസിയു വാർഡിൽ വാട്ടർ സ്‌പ്രിംഗളറുകൾ സ്ഥാപിക്കാത്തത് എന്ന് ഡോക്ടർമാർ അന്വേഷണ സംഘത്തെ അറിയിച്ചു.

അപകടസമയം എൻഐസിയു വാർഡിൽ ആറ് നഴ്‌സുമാരും മറ്റ് ജീവനക്കാരും രണ്ട് ഡോക്ടർമാരും ഉണ്ടായിരുന്നു. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ നഴ്സുമാരിൽ ഒരാളുടെ കാലിൽ പൊള്ളലേറ്റു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഒരു പാരാമെഡിക്കൽ സ്റ്റാഫും മറ്റ് രണ്ട് ജീവനക്കാരും അഗ്നിശമന ഉപകരണങ്ങളുമായി അകത്തേക്ക് എത്തി. ഇതിനിടയില്‍ സ്വിച്ച്ബോർഡിൽ നിന്നുള്ള തീ അതിവേഗം ഓക്സിജൻ കോൺസെൻട്രേറ്ററിലേക്ക് പടരാൻ തുടങ്ങിയെന്നും റിപ്പോർട്ടിലുണ്ട്.

അപകട സമയത്ത് അമ്പതിലേറെ കുട്ടികളാണ് എൻഐസിയുവിൽ ഉണ്ടായിരുന്നു. പതിനേഴ് കുട്ടികളുടെ നില ഗുരുതരമാണ്. ഇവരെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് യുപി സർക്കാർ പത്ത് ലക്ഷം രൂപയും പരുക്കേറ്റ കുട്ടികളുടെ കുടുംബങ്ങൾക്ക് 50,000 രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിരുന്നു.

Related Articles
Next Story