കണ്ണില്ലാത്ത ക്രൂരത; പരോളിലിറങ്ങിയ ബലാത്സംഗ കേസ് പ്രതി 11-കാരിയായ മകളേയും മരുമകളേയും ബലാത്സംഗംചെയ്തു
ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ പരോളിലിറങ്ങിയ പ്രതി മകളേയും മരുമകളേയും ബലാത്സംഗം ചെയ്തു.
വടക്കൻ ഛത്തീസ്ഗഢിലെ കൊരിയ ജില്ലയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. 11-കാരിയായ മകളേയും 12-കാരിയായ മരുമകളേയുമാണ് 36-കാരനായ പ്രതി ബലാത്സംഗം ചെയ്തത്.
ഒക്ടോബർ 19-ന് വീട്ടില്‍ വെച്ചാണ് പ്രതി തന്നെ ബലാത്സംഗം ചെയ്തതെന്ന് മകള്‍ പോലീസിന് മൊഴിനല്‍കി. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പോലീസിനോട് പറഞ്ഞു.
ഒക്ടോബർ 21-നാണ് പ്രതി മരുമകളെ ബലാത്സംഗം ചെയ്തതെന്ന് കൊരിയ എസ്.പി. സുരാജ് സിങ് പരിഹർ പറഞ്ഞു. വിറക് ശേഖരിക്കാനെന്ന വ്യാജേനെ കാട്ടിലേക്ക് കൊണ്ടുപോയ ശേഷമാണ് പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും മരുമകളേയും പ്രതി ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതി സീരിയല്‍ റേപ്പിസ്റ്റാണെന്നും പോലീസ് വ്യക്തമാക്കി.
ബലാത്സംഗത്തിനുശേഷമുണ്ടായ മാനസികാഘാതത്തെ തുടർന്ന് സംഭവം ആരോടും പറയാൻ കുട്ടികള്‍ തയ്യാറായിരുന്നില്ല. പിന്നീട് ഇരുവരും തങ്ങളുടെ ദുരനുഭവം പരസ്പരം പങ്കുവെക്കുകയായിരുന്നു. ഇതിന് ശേഷം ധൈര്യം സംഭരിച്ച് ഇരുവരും ശനിയാഴ്ച നേരിട്ട് പോലീസിനെ സമീപിക്കുകയായിരുന്നു. തങ്ങളുടെ ദുരനുഭവം കുട്ടികള്‍ വിവരിച്ചത് ഭീകരമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കുട്ടികള്‍ പോലീസിനെ സമീപിച്ച വിവരം അറിഞ്ഞതോടെ പ്രതി രക്ഷപ്പെട്ട് ഒളിവില്‍ പോയി. പ്രതിയെ പിടിക്കാനായി പോലീസ് ഒന്നിലേറെ സംഘങ്ങളെ അയച്ചു. പ്രതി ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ ഇയാളെ കണ്ടെത്തുക ദുഷ്കരമായിരുന്നു. പിന്നീട് സമീപജില്ലയായ രകോർബയിലെ ഒരു കാട്ടില്‍ നിന്നുമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ, ബി.എൻ.എസ്. നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.