അത്തോളിയിലെ ജനവാസ മേഖലയിൽ കടുവ? വിദ്യാർത്ഥി എടുത്ത ഫോട്ടോ വനപാലകർ പരിശോധിച്ചു; ആശങ്ക

വിദ്യാർത്ഥി എടുത്ത ഫോട്ടോ പരിശോധിച്ചതിൽ നിന്നും കടുവ അല്ലെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ് വനപാലകർ

കോഴിക്കോട് : അത്തോളി കൂമുള്ളിയിൽ ജനവാസ മേഖലയിൽ കണ്ടത് കടുവയെ ആണെന്ന് സംശയം. ഇന്നലെ രാത്രിയാണ് വന്യജീവിയെ വിദ്യാർത്ഥി കണ്ടത്. വനപാലകരടക്കം തെരച്ചിൽ നടത്തിയെങ്കിലും കടുവയുടേതെന്ന് കരുതുന്ന അടയാളങ്ങൾ കണ്ടെത്താനായില്ല. വിദ്യാർത്ഥി എടുത്ത ഫോട്ടോ പരിശോധിച്ചതിൽ നിന്നും കടുവ അല്ലെന്ന് പറയാനും കഴിയാത്ത അവസ്ഥയിലാണ് വനപാലകർ.

കടുവാ പേടിയിലാണ് അത്തോളി ഗ്രാമ പഞ്ചായത്ത്. കൂമല്ലൂരിൽ ഗിരീഷ് പുത്തഞ്ചേരി റോഡിന് സമീപം ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ജീവിയെ കണ്ടത്. തോട്ടത്തിൽ സെയ്ദിൻ്റെ വീടിന് മുന്നിൽ കടുവ നിൽക്കുന്നതായി അയൽ വാസിയായ സായ് സൂരജിൻ്റെ ശ്രദ്ധയിൽപ്പെട്ടു. ഭയന്ന് അകത്തേക്ക് ഓടുന്നതിനിടെ സൂരജ് മൊബൈലിൽ ചിത്രവും എടുത്തു.

നാട്ടുകാർ വിവരമറിയിച്ചതോടെ കക്കയം, പെരുവണാമുഴി ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരും ആർആർടി സംഘവും പ്രദേശത്ത് വിശദമായി പരിശോധന നടത്തി. കടുവയുടെ കാൽപാട് കണ്ടെത്താനായില്ല. എന്നാൽ കടുവ അല്ലെന്ന് ഉറപ്പിക്കാനും വനംവകുപ്പ് അധികൃതർ തയ്യാറായിട്ടില്ല. കൂമല്ലൂരിൽ നിന്ന് 3 കിലോമീറ്റർ മാറി വേളൂരിൽ ഞായറാഴ്ച വൈകീട്ട് കടുവയെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടതായി വീട്ടമ്മ വെളിപ്പെടുത്തിയിരുന്നു. എന്നാൽ വന്യജീവി അല്ലെന്നായിരുന്നു സ്ഥിരീകരണം.

Related Articles
Next Story