ചൈനയിലെ രോഗവ്യാപനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ യഥാസമയം പങ്കിടാന്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ട് ഇന്ത്യ

അയല്‍രാജ്യമായ ചൈനയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പടര്‍ന്നുപിടിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ വര്‍ദ്ധിക്കുന്നതിനിടെ ചൈനയിലെ അവസ്ഥയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ യഥാസമയം പങ്കിടാന്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ട് ഇന്ത്യ. രാജ്യത്തും ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.

”ലഭ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നു, ചൈനയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള സമയബന്ധിതമായ അപ്ഡേറ്റുകള്‍ പങ്കിടാന്‍ ലോകാരോഗ്യ സംഘടനയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്” ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ചൈനയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും ഇന്ത്യയില്‍ നടത്തേണ്ട തയ്യാറെടുകളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി ശനിയാഴ്ച ഹെല്‍ത്ത് സര്‍വീസ് ഡിജിയുടെ അധ്യക്ഷതയില്‍ ജോയിന്റ് മോണിറ്ററിംഗ് ഗ്രൂപ്പിന്റെ യോഗം ചേര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ സംഘടന, ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെല്‍, ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, ഡല്‍ഹി എയിംസ് ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ യോഗത്തില്‍ പങ്കെടുത്തു.

ചൈനയിലെ വൈറസ് വ്യാപനത്തിന് പിന്നില്‍ ഇന്‍ഫ്‌ളുവന്‍സ വൈറസ്, ആര്‍എസ്വി, എച്ച്എംപിവി എന്നിവയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവ നിലവിലെ സീസണില്‍ പ്രതീക്ഷിക്കുന്ന സാധാരണ വൈറസാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

Related Articles
Next Story