26 കിലോ സ്വർണവുമായി മുങ്ങിയെന്ന പരാതി: മുൻ ബാങ്ക് മാനേജർ തെലങ്കാനയിൽ പിടിയിൽ

ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ 26 കിലോ പണയ സ്വർണമാണ് കവർന്നത്

വടകര∙ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എടോടി ശാഖയിലെ സ്വർണ തട്ടിപ്പിൽ മുഖ്യപ്രതിയെന്നു സംശയിക്കുന്ന മുൻ മാനേജർ മധ ജയകുമാർ തെലങ്കാനയിൽ പൊലീസിന്റെ പിടിയിലായി. തമിഴ്നാട് മേട്ടുപ്പാളയം പാത്തി സ്ട്രീറ്റിലെ താമസക്കാരനായ മധ ജയകുമാർ തട്ടിപ്പ് വിവരം പുറത്തുവന്നശേഷം ഒളിവിലായിരുന്നു. 26 കിലോ സ്വർണം മുക്കുപണ്ടം വച്ച് തട്ടിയെടുത്തതായാണ് പരാതി. കുറ്റങ്ങൾ മധ ജയകുമാർ നിഷേധിച്ചു. ബാങ്ക് അധികൃതർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന ആരോപണവും ഉന്നയിച്ചു.

മധ ജയകുമാറിന് കൊച്ചിയിലേക്ക് സ്ഥലംമാറ്റം കിട്ടിയെങ്കിലും ജോലിക്ക് കയറിയിരുന്നില്ല. വടകര ശാഖയിൽ പുതുതായി വന്ന മാനേജർ നടത്തിയ കണക്കെടുപ്പിലാണ് മുക്കുപണ്ടം വച്ച് തട്ടിപ്പു നടത്തിയ വിവരം പുറത്തുവരുന്നത്. സ്വകാര്യ സ്ഥാപനത്തിന്റെ സ്വർണമാണ് മുക്കുപണ്ടംവച്ച് തട്ടിയെടുത്തത്. 2021ലാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എടോടി ശാഖയിൽ മധജയകുമാർ മാനേജറായി എത്തിയത്. ജൂലൈയിലാണ് പാലാരിവട്ടം ശാഖയിലേക്ക് സ്‌ഥലം മാറ്റിയത്. വടകര ശാഖയിലെ ഇപ്പോഴത്തെ മാനേജർ ഈസ്‌റ്റ് പള്ളൂർ സ്വദേശി ഇർഷാദിന്‍റെ പരാതിയിലാണ് വടകര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞ ദിവസം വിഡിയോ സന്ദേശത്തിൽ ആരോപണങ്ങൾ മധ ജയകുമാർ നിഷേധിച്ചിരുന്നു. ഒളിവിൽ പോയിട്ടില്ലെന്നും അവധിയിൽ ‍പ്രവേശിച്ചതാണെന്നും മധ ജയകുമാർ വ്യക്തമാക്കി. അവധിയെടുക്കുന്ന വിവരം ഇ മെയിലിലൂടെ ഔദ്യോഗികമായി അറിയിച്ചിരുന്നു. കേസിൽ തനിക്ക് ബന്ധമില്ലെന്നും മധ ജയകുമാർ പറഞ്ഞു. ആരോപണങ്ങൾ പൊലീസ് അന്വേഷിക്കും. മധ ജയകുമാറിനെ ചോദ്യം ചെയ്താലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.

Related Articles
Next Story