പോലീസിനും സർക്കാരിനുമെതിരെ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍: പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ പൊലീസ് പറയുന്നു

അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുകയാണ്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത് എന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ പൊലീസിനും സർക്കാരിനുമെതിരെ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍. പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ പൊലീസ് പറയുകയാണെന്ന് സിദ്ദിഖ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുകയാണ്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത് എന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.

തനിക്കെതിരെ ഇല്ലാക്കഥകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മെനയുന്നത്. ബലാത്സംഗക്കേസില്‍ യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിക്കുകയാണ്. താന്‍ മലയാള സിനിമയിലെ ശക്തനായ വ്യക്തിയല്ല. തനിക്ക് ജാമ്യം നല്‍കിയാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ശരിയല്ല. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എട്ടര വര്‍ഷം കാലതാമസമുണ്ടായതില്‍ പൊലീസിന്റെ വാദം നിലനില്‍ക്കില്ലെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.

ഡബ്ല്യുസിസി അംഗം എന്ന നിലയില്‍ ഹേമ കമ്മിറ്റി മുമ്പാകെ തനിക്കെതിരെ പരാതിയോ മറ്റോ പരാതിക്കാരിയായ നടി ഉന്നയിച്ചിട്ടില്ല. തനിക്കെതിരെ മാധ്യമവിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണ്. നീതിക്ക് നിരക്കാത്ത കാര്യങ്ങളാണ് പൊലീസ് നടത്തുന്നതെന്നും സിദ്ദിഖ് ആരോപിക്കുന്നു. കേസില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന് നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് സിദ്ദിഖിന്റെ ആരോപണം. ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് നാളെ കേസ് പരിഗണിക്കും.

Related Articles
Next Story