തൃശ്ശൂരിലെ എ.ടി.എം. കവര്‍ച്ചാക്കേസ്: പോലീസ് ഹരിയാനയിലേക്ക്

ഴിഞ്ഞദിവസം നാമക്കലില്‍ പിടികൂടിയ പ്രതികള്‍ നല്‍കിയ പേരുവിവരങ്ങളടക്കം ശരിയാണോ എന്ന് പരിശോധിക്കാനും സംഘത്തിലെ കൂടുതല്‍പേരെ കണ്ടെത്താനുമാണ് പോലീസ് സംഘം ഹരിയാനയില്‍ നേരിട്ടെത്തി അന്വേഷണം നടത്തുന്നത്

നാമക്കല്‍(തമിഴ്‌നാട്): തൃശ്ശൂരിലെ എ.ടി.എം. കവര്‍ച്ചാക്കേസില്‍ വിശദമായ അന്വേഷണത്തിനായി തമിഴ്‌നാട് പോലീസ് സംഘം ഹരിയാനയിലേക്ക്. കഴിഞ്ഞദിവസം നാമക്കലില്‍ പിടികൂടിയ പ്രതികള്‍ നല്‍കിയ പേരുവിവരങ്ങളടക്കം ശരിയാണോ എന്ന് പരിശോധിക്കാനും സംഘത്തിലെ കൂടുതല്‍പേരെ കണ്ടെത്താനുമാണ് പോലീസ് സംഘം ഹരിയാനയില്‍ നേരിട്ടെത്തി അന്വേഷണം നടത്തുന്നത്.

ഹരിയാനയിലെ പല്‍വാന്‍ സ്വദേശികളായ ഇര്‍ഫാന്‍, സാബിര്‍ ഖാന്‍, ഷൗക്കീന്‍, മുഹമ്മദ് ഇക്രാം, മുബാറക് ആദം എന്നിവരാണ് നിലവില്‍ തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ പരിക്കേറ്റ മറ്റൊരു പ്രതി അസര്‍ അലി കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘത്തില്‍ ഉള്‍പ്പെട്ട ജമാലുദ്ദീന്‍ (37) എന്നയാള്‍ കഴിഞ്ഞദിവസം നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

അതിനിടെ, പ്രതികളായ ഏഴുപേരും പല മാര്‍ഗങ്ങളിലൂടെയാണ് ചെന്നൈ വഴി കേരളത്തിലെത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സാബിര്‍ ഖാനും ഷൗക്കീനും ഹരിയാനയില്‍നിന്ന് വിമാനമാര്‍ഗമാണ് ചെന്നൈയിലെത്തിയത്. മൂന്നുപേര്‍ കാറിലും രണ്ടുപേര്‍ കണ്ടെയ്‌നര്‍ ലോറിയിലും ആദ്യം ചെന്നൈയിലും പിന്നീട് കേരളത്തിലും എത്തി. ഗൂഗിള്‍ മാപ്പ് നോക്കിയാണ് കവര്‍ച്ചാസംഘം മോഷണം നടത്തേണ്ട എ.ടി.എമ്മുകള്‍ കണ്ടെത്തിയത്. എസ്.ബി.ഐ. എ.ടി.എമ്മുകള്‍ മാത്രമായിരുന്നു പ്രതികളുടെ ലക്ഷ്യം. കൃത്യമായി പണംനിറയ്ക്കുന്ന എസ്.ബി.ഐ. എ.ടി.എമ്മുകളില്‍ വലിയതുക ഉണ്ടാകുമെന്ന കണക്കുക്കൂട്ടലായിരുന്നു ഇതിനുകാരണം.

മോഷണം നടത്തേണ്ട എ.ടി.എമ്മുകള്‍ കണ്ടെത്തിയാല്‍ ദിവസങ്ങള്‍ക്ക് മുന്‍പേ സ്ഥലത്തെത്തി നിരീക്ഷണം നടത്തുന്നതായിരുന്നു സംഘത്തിന്റെ രീതി. ഇവിടെനിന്ന് രക്ഷപ്പെടാനുള്ള വഴികളും നേരത്തെ നോക്കിവെയ്ക്കും. ഇത്തരത്തിലാണ് തൃശ്ശൂരിലെ മൂന്ന് എ.ടി.എമ്മുകളില്‍ ഒരുമണിക്കൂറിനിടെ സംഘം മോഷണം നടത്തിയത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് ഓരോ എ.ടി.എമ്മില്‍നിന്നും പ്രതികള്‍ ലക്ഷങ്ങള്‍ കവര്‍ന്നത്. പിന്നാലെ നേരത്തെ ആസൂത്രണം ചെയ്തതനുസരിച്ച് ആദ്യം കാറിലും പിന്നീട് കണ്ടെയ്‌നര്‍ ലോറിയിലും കടന്നുകളയുകയായിരുന്നു.

മണ്ണുത്തിക്ക് സമീപം മാടക്കത്തറയില്‍വെച്ചാണ് ഇവർ കാര്‍ കണ്ടെയ്‌നര്‍ ലോറിക്കുള്ളിലേക്ക് ഓടിച്ചുകയറ്റിയതെന്നാണ് സൂചന. തുടര്‍ന്ന് വാളയാര്‍ വഴി തമിഴ്‌നാട്ടിലേക്ക് കടന്നു. എന്നാല്‍, തൃശ്ശൂര്‍ പോലീസിന്റെ സന്ദേശം ലഭിച്ചതോടെ നാമക്കല്‍ എസ്.പി.യുടെ നിര്‍ദേശപ്രകാരം ദേശീയപാതയില്‍ തമിഴ്‌നാട് പോലീസ് വാഹനപരിശോധന ആരംഭിച്ചിരുന്നു. തുടര്‍ന്ന് കണ്ടെയ്‌നര്‍ ലോറി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികള്‍ വാഹനം നിര്‍ത്താതെ മുന്നോട്ടുപോയി. ഇതോടെ തമിഴ്‌നാട് പോലീസ് സംഘവും ലോറിയെ പിന്തുടര്‍ന്നു. സങ്കരിഗിരിയില്‍വെച്ച് ലോറി യു-ടേണ്‍ എടുത്ത് വീണ്ടും കടന്നുകളയാന്‍ ശ്രമിച്ചു. ഇതിനിടെ ബൈക്കുകളിലും കാറുകളിലും ഇടിച്ചു. ഇതോടെ നാട്ടുകാരും പോലീസിനൊപ്പം ലോറിയെ പിന്തുടര്‍ന്നു. തുടര്‍ന്നാണ് പോലീസും നാട്ടുകാരും ലോറി വളഞ്ഞത്. എന്നാല്‍, പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാനായിരുന്നു പ്രതികളുടെ ശ്രമം. ഇതോടെ പോലീസ് വെടിവെയ്ക്കുകയും പ്രതികളിലൊരാള്‍ കൊല്ലപ്പെടുകയുമായിരുന്നു.

Related Articles
Next Story