ബെംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം; കാറിന്‍റെ ഗ്ലാസ് തകർത്തു, അഞ്ച് വയസ്സുകാരന് തലയ്ക്ക് പരിക്ക്

മലയാളിയായ ഐടി ജീവനക്കാരൻ അനൂപ് ജോർജിനും കുടുംബത്തിനും നേരെയാണ് ആക്രമണം നടന്നത്

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം. വാഹനത്തിലുണ്ടായിരുന്ന അഞ്ച് വയസ്സുകാരന് തലയ്ക്ക് പരിക്കേറ്റു. മലയാളിയായ ഐടി ജീവനക്കാരൻ അനൂപ് ജോർജിനും കുടുംബത്തിനുമാണ് ആക്രമണം നേരിടേണ്ടി വന്നത്. ദീപാവലി ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന്‍റെ കാർ ആക്രമിക്കുകയായിരുന്നു.

രണ്ട് ദിവസം മുൻപ് രാത്രി 9.30-യോടെ കസവനഹള്ളിയിൽ അമൃത കോളേജിന് സമീപമാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ അക്രമികൾ കാർ തടഞ്ഞ് നിർത്താൻ ശ്രമിച്ചു. വാഹനം മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ കല്ലു കൊണ്ട് കാറിന്‍റെ ഗ്ലാസ് തകർത്തു. ഇതോടെയാണ് കാറിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ കുട്ടിയുടെ തലയ്ക്ക് മൂന്ന് സ്റ്റിച്ചുണ്ട്. തുടർന്ന് പൊലീസിനെ ടാഗ് ചെയ്ത് അനൂപ് സമൂഹ മാധ്യമങ്ങളിലൂടെ അക്രമത്തിന്‍റെ ദൃശ്യം പങ്കുവെച്ചു. പിന്നാലെ പൊലീസ് കേസെടുത്തു. ദൃശ്യമുണ്ടായിരുന്നതിനാൽ അക്രമികളെ വേഗം തിരിച്ചറിഞ്ഞു.

പരപ്പന അഗ്രഹാര സ്വദേശിയായ മൂർത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിക്കായി തെരച്ചിൽ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു. കാർ ബൈക്കിൽ ഉരസിയെന്നും നിർത്താതെ പോയതോടെയാണ് ആക്രമിച്ചതെന്നുമാണ് അറസ്റ്റിലായ ആളുടെ മൊഴി.

Related Articles
Next Story