സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ സന്ദീപ് വരെ; പാലക്കാട് പരാജയത്തില്‍ സുരേന്ദ്രനെതിരെ ബിജെപിയില്‍ പടയൊരുക്കം

പാലാക്കാട്ടെ കനത്ത തിരിച്ചടിക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ബിജെപിയില്‍ പടയൊരുക്കമെന്ന് റിപ്പോര്‍ട്ട്. കൃഷ്ണദാസ് പക്ഷം ഉള്‍പ്പടെ നേതൃത്വത്തിന്റെ വീഴ്ചയ്‌ക്കെതിരെ രംഗത്തെത്തി. സ്ഥാനാര്‍ത്ഥി നിര്‍ണം മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ സന്ദീപ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത് വരെ ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിമര്‍ശനം.

പാലക്കാട് സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ നേതൃത്വത്തിന് വീഴ്ചപറ്റിയെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സന്ദീപ് വാര്യരെ അപമാനിച്ച് ഇറക്കിവിട്ടതിന് പിന്നിലും ഔദ്യോഗിക പക്ഷത്തിന്റെ കടുംപിടുത്തമാണെന്നും വിമര്‍ശനമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാന്‍ സംസ്ഥാന പ്രസിഡന്റിന് സാധിച്ചില്ലെന്നും വിമര്‍ശനമുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ നേതൃത്വത്തില്‍ നിന്ന് പരസ്യ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് ഗൗരവത്തോടെ എടുക്കാന്‍ കേന്ദ്ര നേതൃത്വും. സംസ്ഥാന നേതൃത്വത്തിലെ ആരും തോല്‍വിയില്‍ കാരണം പറയാന്‍ പോലും തയ്യാറായില്ല. സുരേന്ദ്രനോട് ചോദിക്കണമെന്ന പലരുടേയും പ്രസ്താവന തോല്‍വിയിലെ കൂട്ടുത്തരവാദിത്വത്തില്‍ പങ്കില്ലെന്ന നേതാക്കളുടെ തുറന്നു പറച്ചിലായി.

വര്‍ഗീയതയും കോഴയും കൂറുമാറ്റവുമടക്കമുള്ളവ പാലക്കാട്ട് തിരഞ്ഞെടുപ്പ് വിഷയമായപ്പോള്‍ പ്രതിരോധിക്കുന്നതില്‍ വീഴ്ചയുണ്ടായോ എന്നു പരിശോധിക്കേണ്ടതാണെന്ന് സന്ദീപ് വാചസ്പതി സാമൂഹികമാധ്യമത്തിലെ കുറിപ്പില്‍ പറഞ്ഞു. പാര്‍ട്ടിയധ്യക്ഷന്‍ നേതൃത്വം നല്‍കിയിട്ടും വോട്ടുചോര്‍ച്ചയുണ്ടായത് ഗൗരവമാണെന്നും പറഞ്ഞു. ഇതെല്ലാം വെളിവാക്കുന്നത് ബി.ജെ.പി.യിലെ അസ്വസ്ഥതയാണ്. അമിത ആത്മവിശ്വാസത്തിന്റെ ഫലംകൂടിയാണ് പാലക്കാട്ടെ തിരിച്ചടി.

തിരഞ്ഞെടുപ്പില്‍ നേരിട്ട അപ്രതീക്ഷിത തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ അടിയന്തിര കോര്‍ കമ്മിറ്റി വിളിച്ച് ചേര്‍ക്കണമെന്ന് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും മുന്‍ മന്ത്രി രാജീവ് ചന്ദ്രശേഖറിനും കടുത്ത അതൃപ്തിയുണ്ട്.

കേരളത്തിലെ സാഹചര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിരീക്ഷിക്കുന്നുണ്ട്. ആര്‍ എസ് എസിനെ വിശ്വാസത്തിലെടുക്കുന്ന തിരുത്തല്‍ നടപടികളുണ്ടാകും. ആര്‍ എസ് എസില്‍ നിന്നും സംഘടനാ ജനറല്‍ സെക്രട്ടറിയുടെ സേവനവും ആവശ്യപ്പെടും. കേരളത്തില്‍ ബിജെപിയുടെ വിജയങ്ങള്‍ക്ക് ആര്‍ എസ് എസ് അനിവാര്യതയാണെന്ന് ബിജെപി ദേശീയ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്.

Related Articles
Next Story