സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി; ലഭിച്ചത് ഇ-മെയില്‍ വഴി

വ്യാജ ബോംബ് ഭീഷണി ലഭിച്ച സ്‌കൂളുകളില്‍ രണ്ടെണ്ണം ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഒരെണ്ണം ഹൈദരാബാദും

ന്യൂഡല്‍ഹി: രാജ്യത്ത് നിരവധി സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി. വ്യാജ ബോംബ് ഭീഷണി ലഭിച്ച സ്‌കൂളുകളില്‍ രണ്ടെണ്ണം ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഒരെണ്ണം ഹൈദരാബാദും. സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് ഇ-മെയില്‍ വഴി തിങ്കളാഴ്ച രാത്രിയാണ് വ്യാജ ബോംബ് ഭീഷണി വന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹി രോഹിണി ഏരിയയിലെ ഒരു സിആര്‍പിഎഫ് സ്‌കൂളിന്റെ മതിലില്‍ ശക്തമായ സ്ഫോടനം നടന്നത് രണ്ടുദിവസം മുന്‍പാണ്. ഇതിന് പിന്നാലെ ഒന്നിലധികം സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി വന്ന സംഭവത്തെ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്.

കഴിഞ്ഞദിവസം രോഹിണി പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിന്റെ മതിലിനോട് ചേര്‍ന്ന് രാവിലെ 7.50നാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന കടകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. കെട്ടിടത്തിന്റെ ഭിത്തിയില്‍ ഒരു ദ്വാരം ഉണ്ടാവുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ടെലിഗ്രാമിലൂടെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഖലിസ്ഥാന്‍ അനുകൂല സംഘം ഏറ്റെടുത്തിരുന്നു. പോസ്റ്റ് വന്ന ചാനലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ടെലിഗ്രാമിനോട് ഡല്‍ഹി പൊലീസ് ചോദിച്ചിട്ടുണ്ട്.

Related Articles
Next Story