തൃശൂരില്‍ കാർ യാത്രികരെ ആക്രമിച്ച് രണ്ടുകോടിയുടെ സ്വർണാഭരണങ്ങളും കാറും തട്ടിയെടുത്തു

കോയമ്പത്തൂരിലെ സ്വർണാഭരണ നിർമാണശാലയിൽ നിന്നു തൃശൂരിലെ ജുവലറിയിലേക്ക് ആഭരണങ്ങളുമായി പോകുകയായിരുന്ന കിഴക്കേക്കോട്ട നടക്കിലാൻ അരുൺ സണ്ണി (38), ചാലക്കുടി കോട്ടാത്തുപറമ്പിൽ റോജി തോമസ് (43) എന്നിവരാണ് ആക്രമിക്കപ്പെട്ടത്

തൃശൂർ: രണ്ടര കിലോഗ്രാമിലേറെ സ്വർണാഭരണങ്ങളുമായി സഞ്ചരിച്ച രണ്ടുപേരെ ആക്രമിച്ചു ക്രിമിനൽ സംഘം കാറും സ്വർണവും തട്ടിയെടുത്ത് കടന്നു. കോയമ്പത്തൂരിലെ സ്വർണാഭരണ നിർമാണശാലയിൽ നിന്നു തൃശൂരിലെ ജുവലറിയിലേക്ക് ആഭരണങ്ങളുമായി പോകുകയായിരുന്ന കിഴക്കേക്കോട്ട നടക്കിലാൻ അരുൺ സണ്ണി (38), ചാലക്കുടി കോട്ടാത്തുപറമ്പിൽ റോജി തോമസ് (43) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. രണ്ടുകോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് സംഘം കവർന്നത്.

അരുണിന്റെ കഴുത്തിൽ കത്തിവച്ച ശേഷം സ്വർണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് പറയിക്കാൻ ചുറ്റിക ഉപയോഗിച്ച് തുടയിൽ പലവട്ടം അടിക്കുകയായിരുന്നു. അരുണിനെ കുട്ടനെല്ലൂരിലും റോജിയെ പാലിയേക്കരയിലും ദേശീയപാതയോരത്ത് ഉപേക്ഷിച്ച ശേഷം സ്വർണം സഹിതം കാറുമായി പ്രതികൾ എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു.

ബുധനാഴ്ച രാവിലെ 11.25ന് ദേശീയപാതയിൽ വഴുക്കുംപാറ കല്ലിടുക്കിലായിരുന്നു സംഭവം. തൃശൂരിൽ നിന്നു കോയമ്പത്തൂരിലെ ആഭരണനിർമാണ ശാലയിലേക്ക് സ്വർണം പണിയിക്കാൻ കൊണ്ടുപോയ ശേഷം മടങ്ങ‍ുകയായിരുന്നു അരുണും റോജിയും. 2.60 കിലോഗ്രാം തൂക്കം വരുന്ന സ്വർണമാലകളാണ് കാറിലുണ്ടായിരുന്നത്. സുരക്ഷാകാരണങ്ങളാൽ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ദേശീയപാതയിലൂടെ ഏറെനേരമായി ഇവരുടെ വണ്ടിയെ 3 കാറുകൾ പിന്തുടർന്നിരുന്നു. കല്ലിടുക്കിലെത്തിയപ്പോൾ ഇതിലൊരു കാർ പാഞ്ഞു മുന്നിൽ കയറി ഇവരെ തടഞ്ഞിട്ടു. പിന്നാലെ എത്തിയ രണ്ടു കാറുകളിൽ നിന്നുമടക്കം ആകെ 11 പേർ അരുണിന്റെ വണ്ടിയെ വളഞ്ഞു. പ്രതികൾ മുഖം മറച്ചായിരുന്നു എത്തിയത്.

അരുണിന്റെയും റോജിയുടെ കഴുത്തിൽ കത്തിവച്ചു ഗുണ്ടാസംഘത്തിന്റെ കാറിലേക്കു പിടിച്ചുകയറ്റി. സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലെ യാത്രക്കാർ നോക്കിനിൽക്കെ ആയിരുന്നു അതിക്രമം. അരുൺ സഞ്ചരിച്ച കാറും ഗുണ്ടാസംഘം തട്ടിയെടുത്തു. ഒറ്റനോട്ടത്തിൽ കാറിൽ സ്വർണം കാണാതിരുന്നതോടെ രഹസ്യ അറയിൽ ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്ന സംശയത്തിൽ ഇവർ അരുണിന്റെ തുടയിൽ ചുറ്റിക കൊണ്ടു തുടരെ മർദിച്ചു. സ്വർണം എവിടെയാണെന്ന് പറയാൻ തയാറാകാതിരുന്നതോടെ അരുണിനെ കുട്ടനെല്ല‍ൂരിൽ ഉപേക്ഷിച്ചു. കാര്യമായി ഉപദ്രവിക്കാതെ റോജിയെ പാലിയേക്കരയിലും ഉപേക്ഷിച്ചു.കാർ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന കാര്യത്തിൽ പൊലീസിന് കൃത്യമായ സൂചന ലഭിച്ചതായാണ് വിവരം.

Related Articles
Next Story