സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിലെ ഇടപെടൽ; കേരളത്തിന് കേന്ദ്ര പുരസ്‌കാരം

തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്‌കാരങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്.

'സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ സജീവമായ ഇടപെടല്‍' എന്ന വിഭാഗത്തിലാണ് കേരളത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഈ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പരിഗണിച്ചാണ് പുരസ്‌കാരം. സെപ്റ്റംബര്‍ 10-ന് ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുരസ്‌കാരം കൈമാറും.

കേരളത്തിന്റേത് അഭിമാനകരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എക്‌സില്‍ കുറിച്ചു. സുരക്ഷിതമായ ഡിജിറ്റല്‍ ഇടം ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയെ അംഗീകാരം എടുത്ത് കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story