ഞെട്ടിച്ച് എക്സിറ്റ് പോൾ ഫലം പുറത്ത്, മഹാരാഷ്ട്രയിലും ജാർഖണ്ടിലും ഇന്ത്യ സഖ്യത്തിന് തിരിച്ചടി, ബിജെപി ഒറ്റക്ക്‌ സർക്കാർ രൂപീകരിക്കുമെന്നും പ്രവചനം!

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡിലും മഹാരാഷ്ട്രയിലും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. രണ്ട് സംസ്ഥാനങ്ങളിലും ഇന്ത്യ സഖ്യത്തിന്‍റെ പ്രതീക്ഷക്ക് വലിയ തിരിച്ചടി നൽകുന്നതാണ് എക്സിറ്റ് പോൾ പ്രവചനം. ചില സർവെകൾ ബി ജെ പി രണ്ട് സംസ്ഥാനത്തും ഒറ്റക്ക് സർക്കാർ രൂപീകരിക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലും ജാര്‍ഖണ്ടിലും ബി ജെ പിയോ ബി ജെ പി നേതൃത്വം നൽകുന്ന എന്‍ഡിഎ സഖ്യമോ അധികാരത്തില്‍ വരുമെന്നാണ് എക്‌സിറ്റ് പോളുകൾ പറയുന്നത്.

മഹാരാഷ്ട്രയില്‍ എന്‍ഡിഎ 150 മുതല്‍ 170 സീറ്റുകള്‍ വരെ നേടി അധികാരം നിലനിര്‍ത്തുമെന്നാണ് എബിപി ന്യൂസിന്റെ പ്രവചനം. ബിജെപി നേതൃത്വം നല്‍കുന്ന ഭരണകക്ഷിയായ മഹായുതി സഖ്യത്തിനെതിരെ ഇഞ്ചോടിച്ച് പോരാട്ടം കാഴ്ച വെച്ച പ്രതിപക്ഷമായ മഹാ വികാസ് അഘാഡി 110 മുതല്‍ 130 സീറ്റുകളില്‍ ഒതുങ്ങുമെന്നും എബിപി ന്യൂസിന്റെ പ്രവചനത്തില്‍ പറയുന്നു. മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യം 152 മുതൽ 160 സീറ്റ് വരെ നേടുമെന്നും ഇന്ത്യ സഖ്യം 130 മുതൽ 138 വരെ സീറ്റ് നേടുമെന്നും മറ്റുള്ളവർ പരമാവധി എട്ട് സീറ്റ് നേടുമെന്നുമാണ് ചാണക്യ എക്സിറ്റ് പോൾ ഫലം. മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് 122 മുതൽ 186 വരെ സീറ്റുകൾ പോൾ ഡയറി പ്രവചിക്കുന്നു. ഇന്ത്യ സഖ്യത്തിന് 69 മുതൽ 121 വരെ സീറ്റ് ലഭിക്കുമെന്നും ഈ ഫലം പറയുന്നു. മറ്റുള്ളവർ 8 മുതൽ 10 വരെ സീറ്റ് ലഭിക്കുമെന്നും പ്രവചനമുണ്ട്.

പീപ്പിൾസ് പൾസ് ഫലം പ്രകാരം എൻ ഡി എ 175 -195 വരെ സീറ്റ് നേടും. ഇന്ത്യ സഖ്യം 85-112 സീറ്റ് നേടും. മറ്റുള്ളവർ 8-10 സീറ്റുകളിൽ വിജയിക്കും.ഭാരത് പ്ലസ് ന്യൂസ് സ്റ്റാറ്റ്സ്കോപ് എക്സിറ്റ് പോൾ ഫലം പ്രകാരം ബിജെപി 43 ഉം ജെഎംഎം 21 ഉം സീറ്റ് നേടും. സംസ്ഥാനം ഇപ്പോൾ ഭരിക്കുന്നത് ജെഎംഎം-കോൺഗ്രസ് സഖ്യമാണ്. കോൺഗ്രസിന് സംസ്ഥാനത്ത് ഒൻപത് സീറ്റാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. എജെഎസ്‌യു നാല് സീറ്റ് നേടുമെന്നും ഈ എക്സിറ്റ് പോൾ ഫലം പറയുന്നു. ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം ജാർഖണ്ടിൽ ഇന്ത്യ സഖ്യത്തിന് അനുകൂലമാണ്.

Related Articles
Next Story