നടൻമാർക്ക് എതിരായ ലൈംഗിക ആരോപണ കേസ്; അന്വേഷണ സംഘം ഇന്ന് യോഗം ചേരും
കൊച്ചി: നടൻമാർക്ക് എതിരായ ലൈംഗിക ആരോപണ കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. യോഗത്തിൽ അന്വേഷണ പുരോഗതി വിലയിരുത്തും. മുകേഷ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതിൽ തീരുമാനമുണ്ടാകും. അതിനിടെ ലൈംഗിക ആരോപണ കേസിനെതിരെ നടൻ നിവിൻ പോളി നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം ഉടൻ മൊഴിയെടുക്കും. തനിക്കെതിരായ പരാതി വ്യാജമാണെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് നിവിൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയത്.
അതേസമയം, നാല് വനിതാ ഐപിഎസ് ഓഫീസർമാർ ഉൾപ്പെടുന്ന ഏഴ് പോലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക അന്വേഷണ സംഘം പരാതിയുമായി എത്തിയ ഇരകളിൽ നിന്ന് മൊഴിയെടുക്കുകയാണ്. കൊച്ചിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ വെച്ച് മലയാള സിനിമയിലെ മുൻനിര നടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ, നടിക്ക് ഒപ്പം നിൽക്കാൻ മലയാള സിനിമാ മേഖലയിലെ 18 സ്ത്രീകളുടെ കൂട്ടായ്മ രംഗത്തെത്തി. തുടർന്ന് വനിതാ കൂട്ടായ്മയായ WCCയുടെ ശ്രമം ഫലമായി ചലച്ചിത്ര രംഗത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് ഹേമ കമ്മിറ്റി രൂപീകരിക്കപ്പെട്ടു.
മലയാള ചലച്ചിത്രമേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ അവസ്ഥകൾ അന്വേഷിക്കുകയും സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകൾ നടത്തുകയും ചെയ്ത ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഓഗസ്റ്റ് 19-ന് പുറത്തിറങ്ങിയതു മുതൽ പ്രമുഖ സിനിമാതാരങ്ങൾക്കെതിരെ ഉണ്ടായ പരാതികളുടെ പ്രകമ്പനം, മലയാള സിനിമാ ലോകത്ത് മുന്പെങ്ങുമില്ലാത്ത പ്രതിസന്ധി സൃഷ്‌ടിക്കുകയും ചെയ്തു.
സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ 11 പേർക്കെതിരെ കേരള പോലീസ് ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ പത്ത് പേർ സിനിമാ മേഖലയിൽ നിന്നുള്ളവരാണ്. പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ നടന്മാരായ മുകേഷ്, നിവിൻ പോളി, സിദ്ദിഖ്, ജയസൂര്യ, ഇടവേള ബാബു, മണിയൻപിള്ള രാജു, സംവിധായകരായ രഞ്ജിത്ത്, വി.കെ. പ്രകാശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരായ വിച്ചു, നോബിൾ എന്നിവർ പ്രതിചേർക്കപ്പെട്ട. നടൻ ബാബുരാജ്, സംവിധായകൻ തുളസീദാസ് എന്നിവരുടെ പേരുകളും പരാതിയിൽ ഉണ്ട്, എന്നാൽ അവർക്കെതിരെ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.