ഹേമ കമ്മിറ്റി മൊഴികളില്‍ കേസെടുക്കരുത്; ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ കേസെടുത്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം സ്വീകരിക്കുന്ന നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് സജിമോന്‍ പാറയിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പി ബി വരാലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ഹേമ കമ്മിറ്റിക്കു മുമ്പാകെ വന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് കേരള ഹൈക്കോടതി ഉത്തരവിട്ടത്. ഇതു ചോദ്യം ചെയ്താണ് സജിമോന്റെ ഹര്‍ജി. അടിയന്തിരമായി ഹര്‍ജി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സജിമോന്‍ പാറയിലിന്റെ അഭിഭാഷകന്‍ സുപ്രീം കോടതി രജിസ്ട്രിക്ക് കത്ത് നല്‍കുകയായിരുന്നു. ഹര്‍ജിക്കാരന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി ഹാജരാകുമെന്നാണ് സൂചന.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ജസ്റ്റിസുമാരായ ജയശങ്കര്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവര്‍ അടങ്ങിയ ഹൈക്കോടതി ബെഞ്ചാണ് ഉത്തരവിട്ടത്. പരാതിക്കാരുടെ പേരുകള്‍ പരസ്യപ്പെടുത്തരുതെന്നും ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഹേമ കമ്മിറ്റിക്ക് മുമ്പാകെ പീഡന പരാതി നല്‍കിയിരുന്ന പലരും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു.