കാനഡയിൽ ക്ഷേത്രത്തിന് നേരെ ആക്രമണം; ഖലിസ്ഥാന്‍ പതാകകളുമായി എത്തിയവര്‍ വിശ്വാസികളെ ആക്രമിച്ചു
ബ്രാംപ്ടൺ: കാനഡയിലെ ഹിന്ദു സഭാ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ ഭീകരവാദികളുടെ ആക്രമണം. ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഖാലിസ്ഥാൻ പതാകകളുമായി എത്തിയ സിഖ് വംശജരാണ് ഹിന്ദുമഹാസഭാ മന്ദിറിൽ മുന്നിൽ ഇന്ത്യക്കെതിരെ പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാർ അവിടെ ഉണ്ടായിരുന്നവർക്ക് നേരെ അക്രമം അഴിച്ചു വിട്ടുകയായിരുന്നു. ഇന്ത്യക്കാർക്കെതിരെ പ്രതിഷേധം നടത്തുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് കനേഡിയൻ എംപി ചന്ദ്ര ആര്യ അക്രമത്തെ അപലപിച്ചു. ചുവന്ന രേഖ കടന്നിരിക്കുകയാണെന്നും അക്രമത്തിന് വളം വച്ച് കൊടുക്കരുതെന്നും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും എംപി ആവശ്യപ്പെട്ടു.
ഖാലിസ്ഥാൻ ഭീകരവാദം എത്രത്തോളം ആഴമേറിയതാണെന്ന് തിരിച്ചറിയാൻ ഈ വീഡിയോ ദൃശ്യങ്ങൾ മതിയെന്നും ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ സംവിധാനങ്ങൾക്ക് പുറത്ത് മാത്രമല്ല നിയമനിർവഹണ ഏജൻസികളിലേക്കും ഖാലിസ്ഥാനികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ഗുരുതര റിപ്പോർട്ടുകളിൽ വാസ്തവമുണ്ടെന്ന് തോന്നിപ്പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ആവിഷ്കാര സ്വാതന്ത്ര്യത്തിന്’ കീഴിൽ ഖലിസ്ഥാനികൾ അഴിഞ്ഞാടുകയാണെന്നും ചന്ദ്ര ആര്യ രൂക്ഷമായി വിമർശിച്ചു. കാനഡയിലെ ഹിന്ദുക്കളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് എംപി ആവശ്യപ്പെട്ടു.