പന്തീരാങ്കാവ് 'ഗാര്‍ഹിക പീഡന കേസ്'; യുവതി പരിക്കുകളോടെ വീണ്ടും ആശുപത്രിയില്‍ ; രാഹുൽ കസ്റ്റഡിയിൽ

പന്തീരാങ്കാവിലെ വീട്ടില്‍ വെച്ചും ആശുപത്രിയിലേയ്ക്ക് കൊണ്ടു വരുന്ന വഴി ആംബുലന്‍സില്‍ വെച്ചും മര്‍ദിച്ചെന്നും തലത്തും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റെന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി

കോഴിക്കോട് : വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതി മർദനമേറ്റ നിലയിൽ വീണ്ടും ആശുപത്രിയിൽ. പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിന്റെ ഭാര്യ എറണാകുളം നൊച്ചിത്തറ സ്വദേശി നീമയെ (26) ആണ് ഭർതൃവീട്ടിൽനിന്നു പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. യുവതിയെ ആശുപത്രിയിലാക്കി മുങ്ങിയ ഭര്‍ത്താവ് രാഹുലിനെ പാലാഴിയില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

എന്നാല്‍ തനിക്ക് പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാല്‍ പോകാന്‍ അനുവദിക്കണമെന്നും രാത്രി പതിനൊന്നു മണിയോടെ ആശുപത്രിയിലെത്തിയ പന്തീരാങ്കാവ് പൊലീസിന് ഇവര്‍ എഴുതി നല്‍കി. പന്തീരാങ്കാവിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ സഹായിക്കണമെന്നും പൊലീസിനോട് യുവതി ആവശ്യപ്പെട്ടു. ഫറോഖ് അസിസ്റ്റന്റ് കമ്മീഷണര്‍ എ എം സിദ്ദിഖിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. യുവതിയുടെ മാതാപിതാക്കളേയും പൊലീസ് വിവരമറിയിച്ചു.

ഈ വര്‍ഷം മെയ് അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ യുവതിയും രാഹുലും ഗുരുവായൂരില്‍ വെച്ച് വിവാഹിതരായത്. അതേമാസം 12ന് യുവതിയുടെ മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോള്‍ യുവതി ക്രൂരമായ ഗാര്‍ഹിക പീഡനത്തിനിരയായെന്നായിരുന്നു കേസ്. അന്വേഷണം നടക്കുന്നതിനിടയില്‍ രാഹുല്‍ വിദേശത്തേയ്ക്ക് കടന്നിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ കോടതിയില്‍ കേസ് പരിഗണിക്കുന്നതിനിടയില്‍ ഭര്‍ത്താവിനനുകൂലമായി യുവതി മൊഴി നല്‍കുകയും ഹൈക്കോടതി കേസ് റദ്ദാക്കുകയുമായിരുന്നു.

നേരത്തേ യുവതിയുടെ പരാതിയിൽ ഭർത്താവ് ഉൾപ്പെടെ 5 പേർക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തിൽ പൊലീസ് നടപടിയിൽ വീഴ്ച ഉണ്ടായെന്ന വിമർശനത്തിലും വനിതാ കമ്മിഷൻ ഇടപെടലിലും പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടർ ഉൾപ്പെടെ രണ്ട് പൊലീസുകാരെ ഐജി സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ഭർത്താവ് ഒഴികെ നാലു പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.

Related Articles
Next Story