‘നഷ്ടമായത് ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെ’; എംടിയെ അവസാനമായി കണ്ട് മോഹൻലാൽ

കോഴിക്കോട്: എം ടി വാസുദേവൻ നായരെ വീട്ടിലെത്തി അവസാനമായി കണ്ട് അന്ത്യോപചാരം അർപ്പിച്ച് മോഹൻലാൽ. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് മോഹൻലാൽ കോഴിക്കോട്ടെ എംടിയുടെ സിതാര എന്ന വീട്ടിലേക്ക് എത്തിയത്.

എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ അനുസ്മരിച്ചു. എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ് എംടി വാസുദേവൻ നായർ.

കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്തോടെയാണ് മരണം സ്ഥിരീകരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഈ മാസം 15 നാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് ശേഷം അദ്ദേഹത്തിന്റെ പ്രവർത്തനം താളം തെറ്റി എന്ന് അറിയിക്കുന്ന മെഡിക്കൽ ബുളറ്റിനും ആശുപത്രി അധികൃതർ പുറത്തിറക്കിയിരുന്നു. മൂന്ന് ദിവസങ്ങളായി മരുന്നിനോചട് പ്രതികരിച്ച എം ടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. ആ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ടായിരുന്നു വിയോ​ഗം.

ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മിൽ നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങൾ കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. തമ്മിൽ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു.

ഓളവും തീരവുമാണ് അവസാന ചിത്രം. ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയാണ് നഷ്ടമായത്. ആരോഗ്യ വിവരങ്ങൾ ആശുപത്രിയിൽ വിളിച്ചു അന്വേഷിച്ചിരുന്നുവെന്നും മോഹൻലാൽ വിശദീകരിച്ചു.

­

Related Articles
Next Story