എം പോക്‌സ് എന്നു സംശയം; ഒരാള്‍ ഐസോലേഷനില്‍; ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂ ഡൽഹി: രാജ്യത്ത് എം പോക്‌സ് എന്നു സംശയത്തില്‍ ഒരാള്‍ ഐസോലേഷനില്‍. എം പോക്‌സ് ബാധിത രാജ്യത്ത് നിന്നും ഇന്ത്യയില്‍ എത്തിയ ആളാണ് ചികിത്സയില്‍ ഉള്ളത്. രോഗിയുടെ നില നിലവില്‍ തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. എം പോക്‌സിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. യാത്രാ സംബന്ധമായ ഒറ്റപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ രാജ്യം പൂര്‍ണ്ണമായി സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.
പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.