'രാത്രി രണ്ടുമണിക്ക് വീടിനടുത്ത് പോലീസുകാർ, എഡിജിപി എം.ആർ. അജിത്കുമാറിന്റെ ആളുകൾ വന്നു പിടികൂടുമോ എന്ന് പോലും ആശങ്കയുണ്ട്': അൻവർ
നിലമ്പൂർ: സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും വിലക്ക് ലംഘിച്ചു നടത്തിയ വാർത്താ സമ്മേളനത്തിൽ, തന്റെ സുരക്ഷയിലുള്ള ആശങ്ക പരസ്യമാക്കി നിലമ്പൂർ എംഎൽഎ പി.വി. അൻവർ. ഈ വാർത്താസമ്മേളനം നടക്കുന്ന സമയത്തുപോലും എഡിജിപി എം.ആർ. അജിത്കുമാറിന്റെ ആളുകൾ വന്നു പിടികൂടുമോ എന്ന് ആശങ്കയുണ്ടെന്ന് അൻവർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപ് ശബ്ദം കേട്ടു നോക്കുമ്പോൾ രണ്ടുപേരെ കണ്ടതായും അൻവർ വെളിപ്പെടുത്തി. ശബ്ദമുണ്ടാക്കാതെ പിന്നിലൂടെ വന്ന് നോക്കുമ്പോൾ അത് പൊലീസുകാരായിരുന്നുവെന്നും അൻവർ പറഞ്ഞു.
‘‘ഇന്ന് എനിക്ക് ഈ വാർത്താസമ്മേളനം നടത്താൻ കഴിയുമെന്നു ഞാൻ കരുതിയില്ല. എനിക്കു കുറേ കാര്യങ്ങൾ പറയാനുണ്ട്. ഇതെല്ലാം ആദ്യം തന്നെ പറയുന്നത്, ഇവിടെനിന്ന് എന്നെ പിടിച്ചുകൊണ്ടുപോകുമോ എന്ന് അറിയില്ല. ഞാൻ അതിശയോക്തി കലർത്തി പറയുകയാണ് എന്ന് നിങ്ങൾ കരുതരുത്. അജിത്കുമാർ എന്നു പറയുന്ന ഈ നൊട്ടോറിയസ് ക്രിമിനൽ ഇതിനപ്പുറം ചെയ്യും. അദ്ദേഹമാണ് സിഎമ്മിന് ഈ കഥ എഴുതിക്കൊടുത്തത്. കേസിൽ ഞാൻ പ്രതിയാകുന്ന അവസ്ഥയിലേക്കു പോവുകയാണ്. എന്റെ പിന്നാലെയാണ് പൊലീസ്. ഇന്നലെ രാത്രി രണ്ടു മണിക്കാണ് ഞാൻ കിടക്കുന്നത്. രാത്രി താഴെ റോഡ് സൈഡിൽനിന്ന് ഒരു ശബ്ദം കേട്ടു. ഞാൻ ജനൽ തുറന്നു താഴേക്കു നോക്കുമ്പോൾ രണ്ടുപേർ അവിടെ നിൽക്കുന്നു. ഞാൻ ശബ്ദമുണ്ടാക്കാതെ വീടിന്റെ പിന്നിലൂടെ വന്നു നോക്കുമ്പോൾ രണ്ട് പൊലീസുകാരാണ്.
ഇരിക്കുന്ന റൂമിൽവച്ച് ഞാൻ സംസാരിക്കുന്ന കാര്യങ്ങൾ അവർ കേട്ടോ എന്ന് അറിയില്ല. എടവണ്ണ പഞ്ചായത്തിൽ ഗേറ്റ് അടയ്ക്കാത്ത വീടാണ് എന്റേത്. 50–60 വർഷമായി ഗേറ്റ് അടയ്ക്കാറേയില്ല. ഒരു പൊതുസ്ഥലം പോലെ കിടക്കുന്ന വീടാണ്. ആർക്കും ഏതു സമയത്തും അവിടേക്കു വരാം, പോകാം. യാതൊരു നിയന്ത്രണങ്ങളുമില്ല. ഞാൻ ഇരിക്കുന്ന സിറ്റിങ് റൂമിൽനിന്ന് സംസാരിക്കുന്നതെല്ലാം അവർ കേൾക്കുന്നുണ്ടാകും. മഞ്ചേരിയിൽ നിങ്ങൾ പത്രസമ്മേളനം നടത്താൻ വരുന്ന സ്ഥലത്ത് പൊലീസ് വന്നിട്ടുണ്ട്. അതും പാതിരാത്രിക്കാണ്. എന്നെ അറസ്റ്റ് ചെയ്ത് കുഴിയിലാക്കുന്നതിനു മുൻപ് ജനങ്ങളോട് ഇക്കാര്യം പറയണമല്ലോ’’– അൻവർ പറഞ്ഞു.