പത്തനംതിട്ടയിൽ 5 മാസം ഗർഭിണിയായ പ്ലസ്ടു വിദ്യാർഥിനിയുടെ മരണം: സഹപാഠി അറസ്റ്റിൽ

പനി ബാധിതയായി ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാർഥിനി 5 മാസം ഗർഭിണിയാണെന്നു കണ്ടെത്തിയ സംഭവത്തിൽ സഹപാഠിയായ യുവാവ് അറസ്റ്റിൽ. നൂറനാട് എരുമക്കുഴി അഖിൽ ഭവനിൽ എ.അഖിലാണ് (18) അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായിരുന്ന യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.

തുടർന്ന് യുവാവ് കുറ്റം സമ്മതിച്ചതോടെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. പനി ബാധിതയായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പെൺകുട്ടി കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ‌പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾ തകാറിലായിരുന്നതായി കണ്ടെത്തിയിരുന്നു. ആന്തരികാവയവങ്ങളുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. ഗർഭിണിയാണെന്നു കണ്ടെത്തിയതോടെ പിന്നീട് പോക്സോ വകുപ്പുകൂടി ചേർത്തു. കഴിഞ്ഞ ദിവസം വിദ്യാർഥിനിയുടെ ബാഗിൽനിന്ന് കത്ത് ലഭിച്ചിരുന്നു. താൻ ഗർഭിണിയാണെന്നുള്ള വിവരം കുട്ടിക്ക് അറിയാമായിരുന്നെന്ന് കത്തിൽ സൂചനയുണ്ട്.

ഇതോടെ പെൺകുട്ടിയുടെ മരണം ആത്മഹത്യയാണെന്നുള്ള സംശയം ബലപ്പെട്ടു. കുഞ്ഞിന്റെ പിതൃത്വം ശാസ്ത്രീയമായി തെളിയിക്കാനുള്ള ശ്രമവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധനയ്ക്കായി അറസ്റ്റിലായ യുവാവിന്റെ രക്തസാംപിൾ പൊലീസ് ഇന്നലെ ശേഖരിച്ചു. ഗർഭസ്ഥശിശുവിന്റെ ഡിഎൻഎ സാംപിളുകൾ നേരത്തെതന്നെ ശേഖരിച്ച് സൂക്ഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

Related Articles
Next Story