തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമം ഉണ്ടായി, അന്വേഷണ റിപ്പോർട്ട് നാളെ കൈയിലെത്തും- മുഖ്യമന്ത്രി

തൃശ്ശൂർ: തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമം കഴിഞ്ഞ പൂരം നാളിൽ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം വിവാദത്തിൽ സർക്കാർ ചുമതലപ്പെടുത്തിയ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് നാളെ തന്റെ കൈയിൽ എത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃശ്ശൂരിൽ അഴീക്കോടൻ രക്തസാക്ഷിദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ സർക്കാർ അന്വേഷണസംഘത്തെ നിയോ​ഗിച്ചിരുന്നുവെന്നും ആ റിപ്പോർട്ട് സെപ്റ്റംബർ 24-നകം കിട്ടണമെന്ന് മുഖ്യമന്ത്രി എന്ന നിലയ്ക്ക് താൻ ഉത്തരവിട്ടിട്ടുണ്ടെന്നും പിണറായി പറഞ്ഞു. എന്നാൽ അന്വേഷണ റിപ്പോർട്ടിൽ എന്താണെന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, വിഷയത്തിൽ മാധ്യമങ്ങളെ നിശിതമായി വിമർശിക്കുകയും ചെയ്തു.

ഡി.ജി.പിയുടെ കൈയിലാണ് നിലവിൽ റിപ്പോർട്ട് ഉള്ളത്. നാളെ ഇത് തന്റെ കൈയിൽ എത്തും. റിപ്പോർട്ടിൽ ഇന്നതാണ് പറഞ്ഞിരിക്കുന്നത് എന്ന് ചില വലതുപക്ഷ മാധ്യമങ്ങൾ വലിയതോതിൽ ഇപ്പോഴേ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. മാധ്യമങ്ങൾക്ക് റിപ്പോർട്ടിന്റെ ഉള്ളടക്കം എവിടെ നിന്നാണ് ലഭിച്ചത്? അവർക്ക് തോന്നിയതെല്ലാം എഴുതിവെക്കുകയാണ്. അവർ ആ​ഗ്രഹിച്ചതാണ് റിപ്പോർട്ടുചെയ്യുന്നത്.

ആളുകൾക്കിടയിൽ വല്ലാത്ത വികാരം ഉണ്ടാക്കുകയാണ് മാധ്യമങ്ങൾ. അന്വേഷണത്തിന്റെ ഭാ​ഗമായി എന്തോ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു എന്ന പ്രതീതി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഈ പറഞ്ഞ കാര്യങ്ങൾ ശരിയല്ലെന്ന് വന്നാൽ എത്ര വലിയ നെറികേടാവും വലതുപക്ഷ മാധ്യമങ്ങൾ കാണിച്ചിരിക്കുക. എങ്ങനെയെങ്കിലും നാട് തകർന്നാൽ മതി എന്ന നിലപാടാണ് നിർഭാ​ഗ്യവശാൽ കേരളത്തിലെ മാധ്യമങ്ങൾ സ്വീകരിക്കുന്നതെന്നും പിണറായി വിമർശിച്ചു.

മാധ്യമങ്ങൾ കൂട്ടായി ആലോചിച്ച് തിരുത്താൻ തയ്യാറാകണമെന്നും ഇത്തരം തെറ്റായ നടപടികൾകൊണ്ട് നാട് വല്ലാതെ തകർന്നുപോകുമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story