'മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുത്'; മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യുസിസി അംഗങ്ങള്‍

രേവതി, ബീന പോള്‍, ദീദി ദാമോദരന്‍ തുടങ്ങി തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്. മൊഴി നല്‍കിയവരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു

തിരുവനന്തപുരം: ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുതെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടു. രേവതി, ബീന പോള്‍, ദീദി ദാമോദരന്‍ തുടങ്ങി തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്. മൊഴി നല്‍കിയവരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവരുടെ പേരുകളും അവര്‍ നല്‍കിയ വിവരങ്ങളും പുറത്തു വരാന്‍ പാടില്ലെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ ആവശ്യപ്പെട്ടു. മൊഴി നല്‍കിയവരുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കണം. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നടി രേവതി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപവും മൊഴികളും തെളിവുകളും അടക്കം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. ബലാത്സംഗത്തിനും പോക്സോ കേസിനും നടപടിയെടുക്കാനുള്ള വസ്തുകള്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് നിരീക്ഷിച്ച കോടതി, നടപടിയെടുത്തില്ലെന്നത് ആശ്ചര്യകരമെന്നും അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ടിന്മേല്‍ ഇതുവരെ സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയോ എന്നും ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാരും ജസ്റ്റിസ് സി എസ് സുധയും അടങ്ങിയ ബെഞ്ച് ചോദിച്ചു. മുദ്ര വെച്ച കവറിലാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹൈക്കോടതിക്ക് സമര്‍പ്പിച്ചത്.

Related Articles
Next Story