‘‘മക്കളേ മാപ്പ്...’’; കൊയിലാണ്ടിയിൽ സ്കൂൾ വിദ്യാർഥികളെ അപമാനിച്ചെന്നാരോപിച്ച് പോലീസുകാരിയെ എസ്.എഫ്.ഐ മാപ്പ് പറയിപ്പിച്ചത് വിവാദത്തിൽ

കൊയിലാണ്ടി: കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട് വിദ്യാർഥികളെ ചോദ്യം ചെയ്ത വനിതാ എ.എസ്.ഐയെ എസ്.എഫ്.ഐ പ്രവർത്തകർ മാപ്പ് പറയിപ്പിച്ച സംഭവം വിവാദമാകുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു സംഭവം. എ.എസ്.ഐ ഐ. ജമീലക്കാണ് വിദ്യാർഥികളോട് മാപ്പ് പറയേണ്ടി വന്നത്.



കൊയിലാണ്ടി ബസ് സ്റ്റാൻഡിന് മുകളിൽ നിൽക്കുകയായിരുന്ന സ്കൂൾ വിദ്യാർഥികളോട് അവിടെ നിന്നും മാറാൻ എ.എസ്.ഐ ആവശ്യപ്പെട്ടു. ഇവിടെ നിന്നാൽ പൊലീസ് എന്ത് ചെയ്യുമെന്ന് യുവാക്കൾ കയർത്തുചോദിച്ചു. ഇവിടെ നിൽക്കാൻ പാടില്ലെന്ന് കർശനമായി പറഞ്ഞു. ഇതോടെ വിദ്യാർഥികളുടെ സംഘം അവിടെ നിന്നു മാറി. പിന്നീട് വൈകുന്നേരം വീണ്ടും എത്തി. അപ്പോഴും ഇവരോട് മാറാൻ പറഞ്ഞു. എന്നാൽ പൊലീസ് തങ്ങളെ അപമാനിച്ചു എന്നാരോപിച്ച് ആളുകളെ കൂട്ടി വരികയായിരുന്നു.

ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എ.എസ്.ഐയെ മാപ്പ് പറയിപ്പിച്ചത് എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. ജനം നോക്കി നിൽക്കെ ‘‘മക്കളേ മാപ്പ്...’’ എന്ന് ആവർത്തിച്ച് എ.എസ്.ഐ വിദ്യാർഥികളോട് പരസ്യമായി പറയുകയും ചെയ്തു.

ബസ് സ്റ്റാൻഡിൽ ലഹരി മാഫിയ പിടിമുറുക്കിയതിനെ തുടർന്നാണ് ഇവിടെ പൊലീസ് പരിശോധന ശക്തമാക്കിയത്. കുട്ടികളുടെ ഭാവിയോർത്താണ് താൻ അവരോട് മാറാൻ ആവശ്യപ്പെട്ടത്, സ്വന്തം കുട്ടികളെ പോലെ കരുതിയാണ് മേൽ ഉദ്യോഗസ്ഥരെ അറിയിക്കാതിരുന്നത് എന്നും എ.എസ്.ഐ പറഞ്ഞു. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles
Next Story