കോഴിക്കോട് അംഗൻവാടിയുടെ ആധാരം കാണാനില്ലെന്ന് പരാതി
കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ 15ാം വാർഡിലെ ഒഴയാടി അംഗൻവാടിയുടെ ആധാരം കാണാനില്ലെന്ന് പരാതി. മഴ പെയ്താൽ വെള്ളം കയറുന്ന താഴ്ന്ന സ്ഥലത്തുള്ളതും ജീർണാവസ്ഥയിലുള്ളതുമായ കെട്ടിടം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി വാർഡ് മെംബർ പഞ്ചായത്ത് അധികൃതരെ സമീപിച്ചപ്പോഴാണ് ആധാരം കാണാതായതിനെ കുറിച്ച് അറിയുന്നത്.
ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി പ്രകാരം എട്ട് ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിൽനിന്ന് മൂന്ന് ലക്ഷം രൂപയും വകയിരുത്തിയാണ് കെട്ടിടം പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് പാസാക്കുന്നതിന്റെ ഭാഗമായി അംഗൻവാടി ഭൂമിയുടെ തരം നോക്കാൻ വേണ്ടി ആധാരം ചോദിച്ചപ്പോഴാണ് കാണാനില്ലെന്ന് അറിയുന്നതെന്ന് വാർഡ് മെംബർ ലിബിന രാജേഷ് പറഞ്ഞു. ആധാരത്തിന് വേണ്ടി പഞ്ചായത്തിൽ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയിട്ടുണ്ടെന്നും വാർഡ് മെംബർ പറഞ്ഞു. മൂന്നര സെന്റ് സ്ഥലത്താണ് അംഗൻവാടി സ്ഥിതി ചെയ്യുന്നത്. താഴെ നിലയിൽ അംഗൻവാടിയും മുകളിൽ സാംസ്കാരിക നിലയവുമാണ് പ്രവർത്തിക്കുന്നത്.
എന്നാൽ മഴ പെയ്താൽ സാംസ്കാരിക നിലയം ചോരുകയും വെള്ളം അംഗൻവാടിയിലേക്ക് ഒലിച്ചിറങ്ങുകയും ചെയ്യും. അതേസമയം ഈ ഭരണസമിതി നിലവിൽ വരുന്നതിന് വർഷങ്ങൾക്ക് മുമ്പാണ് ഒഴയാടി അംഗൻവാടിക്ക് വേണ്ടി സ്ഥലം രജിസ്റ്റർ ചെയ്തതെന്നും ആധാരം നിലവിലെ ഭരണസമിതി കണ്ടിട്ടില്ലെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽ കുമാർ പറഞ്ഞു.