കൊറോണയെ തുരത്താൻ 112 മില്യൺ റിയാൽ നീക്കി നൽകി അൽവലീദ് ബിൻ ത്വലാൽ രാജകുമാരൻ
വി. കെ. റഫീഖ് ഹസൻ വെട്ടത്തൂർ റിയാദ് : മഹാമാരിയെ കീഴടക്കാൻ ആഗോള തലത്തിൽ നടക്കുന്ന സംരംഭങ്ങൾക്ക് പ്രമുഖ ആഗോള സംരംഭകനും പ്രമുഖ വ്യവസായിയും സൗദി രാജകുടുംബാംഗവുമായ…
;വി. കെ. റഫീഖ് ഹസൻ വെട്ടത്തൂർ
റിയാദ് : മഹാമാരിയെ കീഴടക്കാൻ ആഗോള തലത്തിൽ നടക്കുന്ന സംരംഭങ്ങൾക്ക് പ്രമുഖ ആഗോള സംരംഭകനും പ്രമുഖ വ്യവസായിയും സൗദി രാജകുടുംബാംഗവുമായ അൽവലീദ് ബിൻ ത്വലാൽ രാജകുമാരൻ നീക്കിവെയ്ക്കുന്നത് 112 മില്യൺ റിയാൽ. ആഗോളതലത്തിലുള്ള കൊറോണാ നിർമാർജന സംരംഭങ്ങൾക്ക് 112,500,000 സൗദി റിയാൽ (മുപ്പത് മില്യൺ ഡോളർ) സംഭാവന നീക്കിവെക്കുകയാണെന്ന് രാജകുമാരൻ സ്വന്തം ട്വിറ്റർ പേജിൽ എഴുതി. അദ്ദേഹം സ്ഥാപിച്ച ജീവകാരുണ്യ സ്ഥാപനമായ അൽവാലിദ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ മുഖേനയായിരിക്കും തുക വിനിയോഗിക്കുക. കൊറോണാ വൈറസിനെ കെട്ടുകെട്ടിക്കാനുള്ള വിവിധങ്ങളായ പധ്വതികൾക്കായി സംഖ്യ വകയിരുത്തുമെന്ന് ഫൗണ്ടേഷൻ കേന്ദ്രങ്ങൾ വിശദീകരിച്ചു. ഫൗണ്ടേഷനിൽ പങ്കാളികളായവരുമായി സഹകരിച്ചായിരിക്കും ഇത്.
മഹാമാരി ആരോഗ്യ, സാമ്പത്തിക രംഗങ്ങളിൽ ഉണ്ടാക്കുന്ന ആഘാതങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തും. വികസ്വര രാജ്യങ്ങളിൽ വൈറസ് കണ്ടെത്തുന്നതിനായി ദ്രുതഗതിയിലുള്ള ഡയഗ്നോസ്റ്റിക് ടെസ്റ്റ് ഉപകരണങ്ങൾ നിർമ്മിക്കുന്നതിനെ പിന്തുണയ്ക്കുക, മഹാമാരി സാമ്പത്തിക രംഗത്ത് ഉണ്ടാക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങളുടെ ആഘാതം കുറയ്ക്കുക തുടങ്ങിയ കാര്യങ്ങൾക്ക് പ്രാമുഖ്യം നൽകും.