ഇന്ന് ഓസോണ്‍ ദിനം; ഓസോണ്‍ പാളിയുടെ സംരക്ഷണത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം
ഇന്ന് ഓസോണ്‍ ദിനം. ഓസോണ്‍ പാളിയുടെ സംരക്ഷണത്തിനായി 1988 മുതല്‍ സെപ്തംബര്‍ 16 മുതലാണ് ഐക്യരാഷ്‌ട്രസഭ ഓസോണ്‍ ദിനം ആചരിക്കാന്‍ തുടങ്ങിയത്. ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ സൃഷ്ടിക്കുന്ന…
;ഇന്ന് ഓസോണ്‍ ദിനം. ഓസോണ്‍ പാളിയുടെ സംരക്ഷണത്തിനായി 1988 മുതല്‍ സെപ്തംബര്‍ 16 മുതലാണ് ഐക്യരാഷ്‌ട്രസഭ ഓസോണ്‍ ദിനം ആചരിക്കാന്‍ തുടങ്ങിയത്. ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ നിര്‍മ്മാണവും ഉപയോഗവും കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ 1987 സെപ്തംബര്‍ 16 നാണ് ലോകരാഷ്‌ട്രങ്ങള്‍ മോണ്‍ട്രിയല്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചത്. ഇതിന്റെ സ്മരണയ്‌ക്കാണ് സെപ്തംബര്‍ 16 ഓസോണ്‍ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. സുഖപ്പെടുത്തലിന്റെ 32 വര്‍ഷങ്ങള്‍ എന്നതാണ് ഇത്തവണത്തെ ഓസോണ്‍ ദിന പ്രമേയം.
സൂര്യനില്‍ നിന്നുള്ള അപകടകാരികളായ രശ്മികളില്‍ നിന്നും ഭൂമിയെ സംരക്ഷിക്കുന്ന കവചമാണ് ഓസോണ്‍. ഭൗമാന്തരീക്ഷത്തിലെ രണ്ടാമത്തെ പാളിയായ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോണ്‍ കാണപ്പെടുന്നത്. അന്തരീക്ഷത്തിലെ താപനില കുറയ്‌ക്കുകയും സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും ഭൂമിയെയും ജീവജാലങ്ങളെയും സംരക്ഷിക്കുകയും ചെയ്യുന്ന ഓസോണ്‍ പാളിയുടെ ഏറ്റവും വലിയ ഭീഷണിയാണ് ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍. എസി, ഫ്രിഡ്ജ് എന്നിവയിലൊക്കെ ഉപയോഗിച്ചിരിക്കുന്ന സിഎഫ്‌സിയാണ് ഓസോണ്‍ പാളിയില്‍ വിള്ളല്‍ വീഴാന്‍ കാരണം. നൈട്രസ് ഓക്‌സൈഡ്, അറ്റോമിക ക്ലോറിന്‍, ബ്രോമിന്‍ എന്നിവയെല്ലാം ഓസോണ്‍ പാളിയുടെ നാശത്തിന് കാരണമാകും.
ഇത്തരത്തില്‍ ഓസോണ്‍ പാളിയില്‍ വിള്ളല്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് 24 രാജ്യങ്ങള്‍ ചേര്‍ന്ന് 31 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോണ്‍ട്രിയല്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചത്. ഓസോണ്‍ സംരക്ഷണത്തിന്റെ ഭാഗമായുള്ള നിര്‍ണായകമായ ചുവട് വെയ്പ്പായിരുന്നു ഇത്. ഇതിന്റെ തുടര്‍ച്ചയായി നടത്തിയ പരിശ്രമങ്ങളിലൂടെയാണ് ഓസോണ്‍ പാളിയിലെ വിള്ളല്‍ കുറയ്‌ക്കാന്‍ കഴിഞ്ഞത്. ഈ രീതിയില്‍ തന്നെ മുന്നോട്ട് പ്രവര്‍ത്തിച്ചാല്‍ 2050 കാലഘട്ടം ആകുമ്പോഴേക്കും വിള്ളലുകള്‍ ഇല്ലാതായി 1980 ന് മുന്‍പുള്ള അവസ്ഥയില്‍ എത്തിച്ചേരുമെന്നാണ് വിലയിരുത്തല്‍.
ഓസോണ്‍ പാളിയെ സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ഓസോണ്‍ ശോഷണത്തിന് കാരണമായ രാസ വസ്തുക്കളുടെ ഉപയോഗം കുറയ്‌ക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാം.