ജാമ്യക്കാര്‍ പിന്മാറി; ബിനീഷ് കോടിയേരി ജയിലില്‍ തന്നെ
ബെംഗളൂരു: അവസാന നിമിഷം ജാമ്യക്കാര്‍ പിന്മാറിയതിനെ തുടര്‍ന്ന് ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനാകില്ല. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വ്യാഴാഴ്ചയായിരുന്നു ബിനീഷിന് ജാമ്യം…
ബെംഗളൂരു: അവസാന നിമിഷം ജാമ്യക്കാര്‍ പിന്മാറിയതിനെ തുടര്‍ന്ന് ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനാകില്ല. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വ്യാഴാഴ്ചയായിരുന്നു ബിനീഷിന് ജാമ്യം ലഭിച്ചത്. എന്നാല്‍, ജാമ്യക്കാര്‍ പിന്മാറിയതിനെ തുടര്‍ന്ന് പുതിയ ജാമ്യക്കാരെ ഹാജരാക്കിയപ്പോഴേക്കും കോടതി സമയം കഴിഞ്ഞു. ഇതോടെ ജയിലില്‍നിന്ന് ഇന്ന് പുറത്തിറങ്ങാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.
സഹോദരന്‍ ബിനോയി കോടിയേരിയും സുഹൃത്തുക്കളുമാണ് ബിനീഷിനെ പുറത്തിറക്കാന്‍ ബംഗളൂരിലെത്തിയത്. അഞ്ച് ലക്ഷത്തിന്‍റെ രണ്ട് ആള്‍ജാമ്യമാണ് കോടതി വിധിച്ചിരുന്നത്. കര്‍ണാടകയില്‍ താമസിക്കുന്നവര്‍ വേണമെന്നായിരുന്നു വ്യവസ്ഥ. ഇതിനായി ആളുകളെ കണ്ടെത്തിയെങ്കിലും അവസാന നിമിഷം അവര്‍ പിന്മാറുകയായിരുന്നു. പകരം രണ്ടുപേരെ എത്തിച്ചെങ്കിലും അപ്പോഴേക്കും കോടതി സമയം കഴിഞ്ഞു. അതേസമയം, കര്‍ശന ജാമ്യവ്യവസ്ഥകള്‍ കാരണമാണ് ആദ്യം വന്നവര്‍ പിന്മാറിയതെന്നാണ് സൂചന.
പുതിയ ജാമ്യക്കാരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമേ മോചന ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിക്കുകയുള്ളു. ശനിയാഴ്ച ബിനീഷിന് പുറത്തിറങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബവും സുഹൃത്തുക്കളും.