വൃക്ക വില്‍ക്കാന്‍ വിസമ്മതിച്ച വീട്ടമ്മയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദനം

തിരുവനന്തപുരം: വൃക്ക വിൽക്കാൻ തയാറായില്ലെന്ന് ആരോപിച്ചു ഭർത്താവ് മർദ്ദിച്ചെന്ന് ഭാര്യയുടെ പരാതി. വിഴിഞ്ഞത്താണ് സംഭവം. കോട്ടപ്പുറം സ്വദേശി സാജൻ ആണ് അറസ്റ്റിലായത്. ഭാര്യ സുജയുടെ പരാതിയിലാണ് അറസ്റ്റ്.…

By :  Editor
Update: 2021-11-26 07:00 GMT

തിരുവനന്തപുരം: വൃക്ക വിൽക്കാൻ തയാറായില്ലെന്ന് ആരോപിച്ചു ഭർത്താവ് മർദ്ദിച്ചെന്ന് ഭാര്യയുടെ പരാതി. വിഴിഞ്ഞത്താണ് സംഭവം. കോട്ടപ്പുറം സ്വദേശി സാജൻ ആണ് അറസ്റ്റിലായത്. ഭാര്യ സുജയുടെ പരാതിയിലാണ് അറസ്റ്റ്. വൃക്ക വിൽക്കാൻ വിസമ്മതിച്ചതിനും വിവരം പുറത്ത് പറഞ്ഞതിനുമാണ് മർദനം എന്ന് ഭാര്യ പറഞ്ഞു.

മീന്‍പിടിത്തം ആശ്രയിച്ചു ജീവിക്കുന്ന കുടുബത്തിലെ വീട്ടമ്മയാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഭര്‍ത്താവും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബമാണ് ഇവരുടേത്. ഇതില്‍ ഒരു കുട്ടി ഭിന്നശേഷിയുള്ളയാളാണ്. വ്യാഴാഴ്ചയാണ് വീട്ടമ്മ ഭര്‍ത്താവിന്റെ മര്‍ദനത്തിന് ഇരയായത്. വലിയതോതിലുള്ള മര്‍ദനമാണ് ഇവര്‍ക്ക് ഏല്‍ക്കേണ്ടി വന്നത്. തുടര്‍ന്ന് അയല്‍ക്കാരും വിഷയത്തില്‍ ഇടപെട്ടു. ഇന്ന് വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി വീട്ടമ്മയുടെ മൊഴി എടുത്തപ്പോഴാണ് വൃക്ക കച്ചവടത്തിന്റെ കഥ പുറത്തുവരുന്നത്.

ഭര്‍ത്താവ് മുഖേന, ചില അവയവ കച്ചവട ഏജന്റുമാര്‍ സമീപിച്ചെന്നാണ് വീട്ടമ്മ പറയുന്നത്. ഈയടുത്ത് എറണാകുളത്തെ ഒരു ആശുപത്രിയില്‍ പോവുകയും വൃക്ക നല്‍കാനുള്ള തീരുമാനത്തില്‍ എത്തുകയും ചെയ്തിരുന്നു. ഒന്‍പത് ലക്ഷം രൂപയാണ് ഇതിന് പ്രതിഫലമായി പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യം വീട്ടമ്മ അയല്‍ക്കാരോടു പറയുകയും വിഷയം നാട്ടില്‍ അറിയുകയും ചെയ്തു. ഇതോടെ പഞ്ചായത്ത് അധികൃതര്‍ അടക്കം വിഷയത്തില്‍ ഇടപെടുകയും ഇങ്ങനെ ചെയ്യരുതെന്നും തെറ്റായ കാര്യമാണെന്നും വീട്ടമ്മയെ ബോധ്യപ്പെടുത്തുകയും ചെയ്തു.

ഇതോടെ വൃക്കദാനത്തില്‍നിന്ന് വീട്ടമ്മ പിന്മാറി. വൃക്കദാനത്തില്‍നിന്ന് പിന്മാറിയതിനെ ചൊല്ലി വീട്ടില്‍ നിരന്തരം വഴക്ക് നടന്നിരുന്നു എന്നാണ് വീട്ടമ്മ പറയുന്നത്. വാടക നല്‍കുന്നത് ഉള്‍പ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധികള്‍ ഈയടുത്ത് കുടുംബത്തിന് ഉണ്ടായിരുന്നു. വൃക്കദാനം ചെയ്തിരുന്നെങ്കില്‍ കിട്ടുമായിരുന്ന ഒന്‍പതുലക്ഷം രൂപ ഉണ്ടായിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും മറ്റും പറഞ്ഞാണ് വീട്ടമ്മയെ ഭര്‍ത്താവ് മര്‍ദിച്ചത്.

Tags:    

Similar News