വസ്ത്രധാരണവും ലുക്കും നോക്കി കാർ ഷോറൂമിൽ നിന്നും ഇറക്കി വിട്ടു; അപമാനം നേരിട്ട പൂക്കർഷകൻ മധുര പ്രതികാരം ചെയ്തത് ഇങ്ങനെ !

വസ്ത്രധാരണവും ലുക്കും നോക്കി ഒരാളെ വിലയിരുത്താൻ പോയതിന് പിന്നാലെ പുലിവാലു പിടിച്ചിരിക്കുകയാണ് തുംകുരിലെ ഒരു കാർ ഷോറൂം. മുല്ലയും ചെണ്ടുമല്ലിയും കനകാമ്പരവുമടക്കമുള്ള പൂക്കൃഷി നടത്തുന്ന ആളാണ് കഥാനായകൻ.…

By :  Editor
Update: 2022-01-24 08:57 GMT

വസ്ത്രധാരണവും ലുക്കും നോക്കി ഒരാളെ വിലയിരുത്താൻ പോയതിന് പിന്നാലെ പുലിവാലു പിടിച്ചിരിക്കുകയാണ് തുംകുരിലെ ഒരു കാർ ഷോറൂം. മുല്ലയും ചെണ്ടുമല്ലിയും കനകാമ്പരവുമടക്കമുള്ള പൂക്കൃഷി നടത്തുന്ന ആളാണ് കഥാനായകൻ.

ചിക്കസാന്ദ്രയിലെ രമണപാളയം സ്വദേശിയായ കെമ്പഗൗഡയുടെ സ്വപ്‌ന വാഹനമായിരുന്നു സ്വന്തമായൊരു മഹിന്ദ്ര ബൊലേറോ പിക്ക് അപ്പ് ട്രക്ക് എന്നത്. തുടർന്ന് സ്വപ്‌നം സാക്ഷാത്ക്കരിക്കാനായി കെമ്പഗൗഡയും സുഹൃത്തുക്കളും വെള്ളിയാഴ്ച കാർ ഷോറൂമിലെത്തി. എന്നാൽ അവിടെ നിന്നും കെമ്പഗൗഡയ്‌ക്കും സുഹൃത്തുക്കൾക്കും വലിയ അപമാനവും പരിഹാസവുമാണ് നേരിടേണ്ടി വന്നത്. ‘കീശയിൽ 10 രൂപ പോലുമുണ്ടാകില്ല.. പിന്നെയല്ലേ കാറിന് പത്ത് ലക്ഷം രൂപ കൊടുക്കുന്നത്’ എന്ന് പറഞ്ഞ് ഷോറൂമുകാർ കണക്കിന് കളിയാക്കി.

കെമ്പഗൗഡയുടേയും സുഹൃത്തുക്കളുടേയും വേഷം കണ്ടപ്പോൾ തമാശയ്‌ക്ക് കാർ നോക്കാൻ വന്നതാകുമെന്നാണ് ഷോറൂമിലുള്ളവർ വിചാരിച്ചത്. എന്നാൽ അവിടെയുള്ളവരുടെ പെരുമാറ്റം വലിയ വേദനയാണ് കെമ്പഗൗഡയ്‌ക്ക് ഉണ്ടാക്കിയത്. അപമാനിതരായ കെമ്പഗൗഡയും സുഹൃത്തുക്കളും ഷോറൂമിൽ നിന്നും ഇറങ്ങി പോന്നു. ഇറങ്ങുന്നതിന് മുൻപ് ഒരു കാര്യം കൂടി അവർ ഷോറൂമിൽ തിരക്കി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

പണം ഇന്ന് തന്നാൽ ഡെലിവറി എപ്പോൾ ഉണ്ടാകും, ഇന്ന് തന്നെ ഡെലിവറി ചെയ്യണം, എന്നായിരുന്നു കെമ്പഗൗഡ ആവശ്യപ്പെട്ടത്. അരമണിക്കൂറിനുള്ളിൽ കെമ്പഗൗഡയും സുഹൃത്തുക്കളും പണവുമായി ഷോറൂമിൽ എത്തുകയായിരുന്നു. ബാങ്കുകൾക്കെല്ലാം അവധി ദിവസമായതിനാൽ ഇത്രയും പണം ഒരുമിച്ചെടുത്ത് വരാൻ സാദ്ധ്യതയില്ലെന്നാണ് ഷോറൂമുകാർ കരുതിയത്. എന്നാൽ പണവുമായെത്തിയ കെമ്പഗൗഡയേയും സുഹൃത്തുക്കളേയും കണ്ട് ഷോറൂമുകാർ ഞെട്ടി.

ശനിയും ഞായറുമായതിനാൽ കാർ ഡെലിവറി ചെയ്യാനാകാതെ ഷോറൂമുകാർ ശരിക്കും പുലിവാലുപിടിച്ചു. പിന്നീട് നാടകീയ സംഭവങ്ങളാണ് ഷോറൂമിൽ നടന്നത്. കെമ്പഗൗഡയും സുഹൃത്തുക്കളും ഷോറൂമിൽ പ്രശ്‌നമുണ്ടാക്കുകയും കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. കാർ ഇല്ലാതെ ഇവിടെ നിന്നും പോകില്ലെന്ന നിലപാടിലായിരുന്നു ഇവർ. കാരണം അത്രത്തോളം അപമാനമാണ് ഷോറൂമിൽ നിന്നും അവർക്ക് നേരിടേണ്ടി വന്നത്.

തുടർന്ന് കാർ ഡെലിവറി ചെയ്യാതെ തങ്ങളെ അപമാനിച്ചെന്ന് കാണിച്ച് പോലീസിന് പരാതി നൽകുകയും ചെയ്തു. പിന്നീട് പോലീസെത്തി പ്രശ്‌നം പരിഹരിച്ച് കെമ്പഗൗഡയെ തിരികെ വീട്ടിലേക്ക് അയക്കുകയായിരുന്നു. ഇവിടെ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തങ്ങളെ അപമാനിച്ചതിന് രേഖാമൂലം ക്ഷമചോദിക്കണമെന്നും ഇപ്പോൾ കാർ വാങ്ങാനുള്ള താത്പര്യം നഷ്ടപ്പെട്ടതായും കെമ്പഗൗഡ പറയുന്നു.

Tags:    

Similar News