കാർ നിർത്തി നോക്കിയപ്പോൾ കാണുന്നത് കൊടുവാൾ കൊണ്ട് യുവതിയെ തുരുതുരാ വെട്ടുന്നത് ; കോഴിക്കോട്ട് പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചത് ഉച്ചയൂണു കഴിക്കാനിറങ്ങിയ നാലംഗ സുഹൃദ്സംഘം
കോഴിക്കോട് : പെട്രോളും കൊടുവാളുമായി കാത്തു നിന്ന പഴയ സഹപാഠിയുടെ ആക്രമണത്തിനിരയായ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചത് പാറക്കടവിൽ നിന്ന് ഉച്ചയൂണു കഴിക്കാനിറങ്ങിയ നാലംഗ സുഹൃദ്സംഘം. നാദാപുരം ഭാഗത്തേക്കു…
കോഴിക്കോട് : പെട്രോളും കൊടുവാളുമായി കാത്തു നിന്ന പഴയ സഹപാഠിയുടെ ആക്രമണത്തിനിരയായ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചത് പാറക്കടവിൽ നിന്ന് ഉച്ചയൂണു കഴിക്കാനിറങ്ങിയ നാലംഗ സുഹൃദ്സംഘം. നാദാപുരം ഭാഗത്തേക്കു കാറിൽ പോവുകയായിരുന്ന സംഘമാണ് വിജനമായ റോഡിൽ ആക്രമണം കണ്ട് ചാടിയിറങ്ങി അക്രമിയെ കീഴ്പ്പെടുത്തിയത്.
മൊയിലുകണ്ടി ഇല്ല്യാസ്, ചാമാളി ഹാരിസ്, തീക്കുന്നുമ്മൽ ആഷിഖ്, മുക്രിക്കണ്ടി ഷമീം എന്നിവർ പാറക്കടവിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണു കാറിൽ യാത്ര തിരിച്ചത്. പുറത്തെവിടെയെങ്കിലും ഒരുമിച്ചിരുന്ന് ഉച്ചയൂണ് കഴിക്കുകയായിരുന്നു ലക്ഷ്യം. പട്ടാണി കിണറിനും പേരോട് തട്ടാറത്ത് പള്ളിക്കും ഇടയിൽ എത്തിയപ്പോഴാണു വിജനമായ സ്ഥലത്ത് യുവതിയും യുവാവും തമ്മിലുള്ള മൽപിടിത്തം ശ്രദ്ധയിൽപെട്ടത്
കാർ നിർത്തി നോക്കിയപ്പോൾ കൊടുവാൾ കൊണ്ട് യുവതിയെ യുവാവ് തുരുതുരാ വെട്ടുന്നതാണു കണ്ടത്. മറ്റൊന്നും ആലോചിക്കാതെ കാറിൽ നിന്നു ചാടിയിറങ്ങി അക്രമിയെ കീഴ്പ്പെടുത്തി. അപ്പോഴേക്കും പെൺകുട്ടിക്കു സാരമായി വെട്ടേറ്റിരുന്നു. ഉടൻ 2 പേർ ചേർന്ന് പെൺകുട്ടിയെയും കൊണ്ട് താലൂക്ക് ആശുപത്രിയിലേക്കു കുതിച്ചു.
കൊടുവാളുമായി നിന്നിരുന്ന യുവാവ് ഇതിനിടെ ‘ഞാൻ മരിക്കുകയാണ്’ എന്ന് ആക്രോശിച്ചു കൊണ്ട് കൈത്തണ്ടയിലെ ഞരമ്പിനു മുറിവേൽപിച്ചിരുന്നു. പിന്നാലെ യുവാവിനെയും കൂട്ടി മറ്റൊരു കാറിൽ ബാക്കി 2 പേരും താലൂക്ക് ആശുപത്രിയിലേക്കു കുതിച്ചു. റോഡിലെ അക്രമം കണ്ട് കാർ നിർത്താതെ പോയിരുന്നെങ്കിൽ ഒരുപക്ഷേ ആ രണ്ടു ജീവനുകളും ഇന്നു ബാക്കിയുണ്ടാവുമായിരുന്നില്ല.