നയതന്ത്ര സ്വര്‍ണക്കടത്ത്: അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നതായി ഇ.ഡി: സംഭവത്തില്‍ വിശദ അന്വേഷണം നടത്താൻ തീരുമാനം
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). സംഭവത്തില്‍ വിശദ അന്വേഷണം നടത്താന്‍ ഇ.ഡി. ഉന്നതതലത്തില്‍ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തില്‍…
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). സംഭവത്തില്‍ വിശദ അന്വേഷണം നടത്താന്‍ ഇ.ഡി. ഉന്നതതലത്തില്‍ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരായി സമീപിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ച കൊട്ടാരക്കര സ്വദേശി ഷാജ് കിരണ്‍, വയനാട് സ്വദേശി കെ. ഇബ്രായി എന്നിവരെ ചൊവ്വാഴ്ച ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. സംഭവവുമായി ബന്ധമുണ്ടെന്ന് സ്വപ്നയും ഷാജ് കിരണും വെളിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയും ചോദ്യംചെയ്യാന്‍ വിളിപ്പിക്കും.
നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡി. നിര്‍ണായകമായ നീക്കങ്ങളിലേക്ക് കടക്കവേയാണ് സ്വപ്ന-ഷാജ് കിരണ്‍ വിവാദം ഉണ്ടായത്. ഫോണില്‍ വിളിച്ച് ഷാജ് കിരണ്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ നീക്കം നടത്തിയെന്നാണ് സ്വപ്നയുടെ ആരോപണം. സ്വപ്നയുമായി ദിവസേന ഫോണില്‍ സംസാരിക്കാറുണ്ടെന്ന് ഷാജ് കിരണും വെളിപ്പെടുത്തിയിരുന്നു. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. ഇടനിലക്കാരനായ ഷാജ് കിരണുമായി മണിക്കൂറുകളോളം ചര്‍ച്ച നടത്തിയെന്നും സ്വപ്ന ആരോപിച്ചിരുന്നു. എന്നാല്‍, നടപടിയുണ്ടായില്ല. മാധ്യമപ്രവര്‍ത്തകരില്‍ ചിലരുടെ പേരും സ്വപ്നയും ഷാജ് കിരണുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ക്കിടയില്‍ പുറത്തുവന്നു. ഇവരെയെല്ലാം വിശദമായി ഇ.ഡി. ചോദ്യംചെയ്തേക്കും.