തന്റെ ഭാര്യയോട് വാഹനപരിശോധനയുടെ പേരിൽ എസ്ഐ മോശമായി പെരുമാറിയെന്ന് ഡിഐജിയുടെ പരാതി

ആലപ്പുഴ ∙ തന്റെ ഭാര്യയോട് വാഹനപരിശോധനയുടെ പേരിൽ എസ്ഐ മോശമായി പെരുമാറിയെന്ന് ഡിഐജിയുടെ പരാതി. പൊലീസ് ആസ്ഥാനത്തെ ഡിഐജി എം.കെ.വിനോദ് കുമാറാണ് നോർത്ത് സ്റ്റേഷനിലെ എസ്ഐ മനോജിനെതിരെ…

By :  Editor
Update: 2022-07-21 02:13 GMT

ആലപ്പുഴ ∙ തന്റെ ഭാര്യയോട് വാഹനപരിശോധനയുടെ പേരിൽ എസ്ഐ മോശമായി പെരുമാറിയെന്ന് ഡിഐജിയുടെ പരാതി. പൊലീസ് ആസ്ഥാനത്തെ ഡിഐജി എം.കെ.വിനോദ് കുമാറാണ് നോർത്ത് സ്റ്റേഷനിലെ എസ്ഐ മനോജിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

ഡിഐജിയുടെ പരാതി ഇങ്ങനെ: കുടുംബം താമസിക്കുന്ന കോമളപുരം റോഡ്മുക്കിലെ വീട്ടിൽനിന്ന് ഭാര്യ ഹസീന ഡിഐജിയുടെ രോഗബാധിതയായ മാതാവിന് മരുന്നു വാങ്ങാൻ പോയപ്പോൾ ഗുരുപുരം ജംക്‌ഷനു സമീപത്തു വച്ച് എസ്ഐ വാഹനം തടഞ്ഞു നിർത്തി രേഖകൾ ആവശ്യപ്പെട്ടു. അപ്പോൾ വാഹനത്തിൽ രേഖകൾ ഇല്ലായിരുന്നു. ഭർത്താവ് പൊലീസ് ആസ്ഥാനത്ത് ഡിഐജിയാണെന്നും അദ്ദേഹം വന്നിട്ട് രേഖകൾ സ്റ്റേഷനിൽ ഹാജരാക്കാമെന്നും ഹസീന പറഞ്ഞത് എസ്ഐ ചെവിക്കൊണ്ടില്ല. ഹസീന തന്നെ നേരിട്ട് രേഖകൾ ഹാജരാക്കണമെന്നു പറഞ്ഞ് തട്ടിക്കയറി. പൊതുജനങ്ങളുടെ മുന്നിൽ വച്ച് സ്ത്രീയെന്ന പരിഗണന പോലും നൽകാതെ മോശമായി പെരുമാറി.

ഭർത്താവിന് സംസാരിക്കാൻ ഫോൺ നൽകാമെന്നു പറഞ്ഞപ്പോൾ തനിക്ക് ആരോടും സംസാരിക്കാനില്ലെന്നു ധിക്കാരത്തോടെ പറഞ്ഞു. നിങ്ങൾക്കെതിരെ കേസെടുത്തുകൊള്ളാമെന്നു ഭീഷണിപ്പെടുത്തി. ഇത്തരം ഉദ്യോഗസ്ഥർ ആരോടും ബഹുമാനമില്ലാതെ പെരുമാറുന്നത് വകുപ്പിനും സർക്കാരിനും അപമാനകരമാണ്. ഉദ്യോഗസ്ഥനെതിരെ മാതൃകാപരമായ നടപടിയെടുക്കണം.

സ്പെഷൽ ബ്രാഞ്ച് അന്വേഷിക്കുന്നു

ഡിഐജിയുടെ പരാതി അന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ചിനോട് നിർദേശിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് അറിയിച്ചു. ഡിഐജി വിളിച്ച് വിഷയം പറഞ്ഞിരുന്നു. അന്വേഷിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ആരോപണ വിധേയനായ എസ്ഐയുടെ വിശദീകരണവും കേൾക്കുമെന്ന് അദ്ദേഹം പറഞ്ഞു

Tags:    

Similar News