വാട്സ് ആപ്പ് ഗ്രൂപ്പിന്‍റെ പേരില്‍ നിന്ന് 'പിഎഫ്ഐ' മാറ്റി; വെബ്സൈറ്റും പ്രവര്‍ത്തന രഹിതം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായി. നിരോധന ഉത്തരവ് പുറത്ത് വന്നതോടെ സംഘടനയുടെ ഔദ്യോഗിക വാട്സ് ആപ്പ്…
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായി. നിരോധന ഉത്തരവ് പുറത്ത് വന്നതോടെ സംഘടനയുടെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിന്‍റെ പേരും മാറ്റി. മാധ്യമങ്ങൾക്ക് സംഘടനാ അറിയിപ്പുകൾ കൈമാറാനുള്ള 'പിഎഫ്ഐ പ്രസ് റിലീസ്' എന്ന ഗ്രൂപ്പിന്‍റെ പേരാണ് 'പ്രസ് റിലീസ്' എന്ന് ചുരുക്കിയത്. രാജ്യവ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ടിന് അഞ്ച് വര്‍ഷത്തെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഐഎസ് പോലുള്ള ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയാണ് പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയത്. ചില സംസ്ഥാനങ്ങള്‍ നിരോധന ആവശ്യം ഉന്നയിച്ചതും നിര്‍ണായകമായി. നിരോധിക്കാനുള്ള കാരണങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.
പോപ്പുലര്‍ ഫ്രണ്ടിനൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
അന്വേഷണത്തില്‍ ഈ സംഘടനകള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി വ്യക്തമായ ബന്ധമുണ്ടെന്ന് തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ഫണ്ടുകള്‍ ശേഖരിക്കുന്നത് പിഎഫ്ഐ അംഗങ്ങള്‍ വഴിയാണ്. ഒപ്പം മറ്റ് സംഘനടകളില്‍ പിഎഫ്ഐ പ്രവര്‍ത്തകരുടെ സാന്നിധ്യവുമുണ്ട്. നാഷണൽ വിമൻസ് ഫ്രണ്ടിനെ പിഎഫ്ഐ നേതാക്കളാണ് നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതെന്നും ഉത്തരവില്‍ പറയുന്നു.
യുവജനങ്ങൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ, ഇമാമുമാർ, അഭിഭാഷകർ അല്ലെങ്കിൽ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ എന്നിങ്ങനെ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ അംഗത്വം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോപ്പുലര്‍ ഫ്രണ്ട് അനുബന്ധ സംഘടനകള്‍ രൂപീകരിച്ചത്. പോപ്പുലര്‍ ഫ്രണ്ടും അതിന്‍റെ അനുബന്ധ സംഘടനകളും സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ-രാഷ്ട്രീയ സംഘടന എന്ന നിലയിലുള്ള പരസ്യ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എന്നാല്‍, രാജ്യത്തിന്‍റെ ഭരണഘടനാ വ്യവസ്ഥയെയും ജനാധിപത്യ സങ്കല്‍പ്പത്തെയും തകര്‍ക്കുന്ന തരത്തില്‍ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള രഹസ്യ അജണ്ടയാണ് പോപ്പുലര്‍ ഫ്രണ്ടിന് ഉള്ളതെന്ന് ഉത്തരവില്‍ ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.