പോപ്പുലര്‍ ഫ്രണ്ട്: 120 കോടിയുടെ ഇടപാടുകൾ കൈകാര്യം ചെയ്തത് കോഴിക്കോട് യൂണിറ്റി ഹൗസിൽ

കോഴിക്കോട്: കേന്ദ്രസർക്കാർ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ടിന്‍റെ കോടികള്‍ വരുന്ന ഫണ്ട് കൈകാര്യം ചെയ്തത് കോഴിക്കോട് മീഞ്ചന്തയിലെ യൂണിറ്റി ഹൗസ് കേന്ദ്രീകരിച്ച് എന്ന് റിപ്പോർട്ട്. ആകെ 120 കോടിയോളം…

By :  Editor
Update: 2022-09-29 22:09 GMT

കോഴിക്കോട്: കേന്ദ്രസർക്കാർ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ടിന്‍റെ കോടികള്‍ വരുന്ന ഫണ്ട് കൈകാര്യം ചെയ്തത് കോഴിക്കോട് മീഞ്ചന്തയിലെ യൂണിറ്റി ഹൗസ് കേന്ദ്രീകരിച്ച് എന്ന് റിപ്പോർട്ട്. ആകെ 120 കോടിയോളം രൂപയുടെ ഇടപാടുകള്‍ നടന്നുവെന്നാണ് നിഗമനം. ഇടപാടുകള്‍ നടത്തിയ കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംസ്ഥാന കമ്മറ്റി ഓഫിസാണ് കോഴിക്കോട് മീ‍ഞ്ചന്തയിലെ യൂണിറ്റി ഹൗസ്. വന്‍കിട പണമിടപാട് അടക്കമുള്ളവ യൂണിറ്റി ഹൗസ് കേന്ദ്രീകരിച്ചായിരുന്നുവെന്നാണ് കണ്ടെത്തല്‍. വിദേശത്തുനിന്നും സ്വദേശത്തു നിന്നുമായി 120 കോടിയോളം രൂപയാണ് പോപ്പുലര്‍ ഫ്രണ്ട് സമാഹരിച്ചത്. ഇതിനായി ആയിരത്തിലധികം അക്കൗണ്ടുകള്‍ ഉപയോഗിച്ചതായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംശയിക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചത് കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശിയായ ഷഫീഖ് ആണ്. ഖത്തറിലെ സജീവ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് ഇയാള്‍.

കോഴിക്കോട് അത്തോളി സ്വദേശിയായ കെ.പി.സഫീറാണ് ദേശീയ കമ്മറ്റിയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത്. യൂണിറ്റി ഹൗസ് കേന്ദ്രീകരിച്ച് തന്നെയായിരുന്നു ഈ ഇടപാടുകളും. മലപ്പുറം പെരുമ്പടപ്പ് ഡിവിഷന്‍ പ്രസിഡന്‍റ് ബി.പി.അബ്ദുല്‍ റസാഖാണ് അബുദാബി കേന്ദ്രീകരിച്ചുള്ള ഇടപാടുകള്‍ നിയന്ത്രിച്ചതെന്നും അന്വേഷണസംഘം പറയുന്നു. വന്‍കിട സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമേ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രവാസികളില്‍നിന്ന് എല്ലാ മാസവും നിശ്ചിത സംഖ്യ പിരിവ് വാങ്ങിയിരുന്നു. ഇവ ഏകോപിപ്പിച്ചതും യൂണിറ്റി ഹൗസിലാണ്. ഇങ്ങനെ ലഭിക്കുന്ന പണം ഏതു തരത്തിലാണ് ചെലവിട്ടതെന്ന് കണ്ടെത്താനായി അന്വേഷണം വ്യാപിപ്പിച്ചുകഴിഞ്ഞു.

Tags:    

Similar News