അഞ്ചാംപനി: ആഗോള ആരോഗ്യ ഭീഷണിയായേക്കുമെന്ന് ലോകാരോഗ്യ സംഘടന; മലപ്പുറം ജില്ലയിലെ വ്യാപനത്തെ കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘം ഇന്നെത്തും

ന്യൂഡൽഹി: ലോകത്താകമാനം അഞ്ചാംപനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗം ആഗോള ആരോഗ്യ ഭീഷണിയായേക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡ് മഹാമാരിയുടെ ആരംഭം മുതൽ അഞ്ചാംപനി വാക്സിൻ കുത്തിവെപ്പ്…

;

By :  Editor
Update: 2022-11-24 21:40 GMT

ന്യൂഡൽഹി: ലോകത്താകമാനം അഞ്ചാംപനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗം ആഗോള ആരോഗ്യ ഭീഷണിയായേക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡ് മഹാമാരിയുടെ ആരംഭം മുതൽ അഞ്ചാംപനി വാക്സിൻ കുത്തിവെപ്പ് ഗണ്യമായി കുറഞ്ഞതാണ് രോഗവ്യാപനത്തിന് കാരണമെന്ന് ലോകാരോഗ്യ സംഘടനയും യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെന്റേർസ്‌ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലുണ്ട്. കേരളം, ഗുജറാത്ത്, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ രോഗം വർധിക്കുന്നുവെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ പരിശോധിക്കാൻ കേന്ദ്രസംഘത്തെ അയച്ചിട്ടുണ്ട്.

കേരളത്തിൽ മലപ്പുറത്താണ് സംഘമെത്തിയത്. മഹാരാഷ്ട്രയിലും കേസുകളും മരണങ്ങളും വർധിക്കുന്നുണ്ട്. കോവിഡിനെതിരായ വാക്സിനേഷൻ ത്വരിതമാക്കുന്നതിനിടയിൽ പതിവ് പ്രതിരോധ കുത്തിവെപ്പുകൾ ലോകത്ത് എല്ലായിടത്തും തടസ്സപ്പെട്ടുവെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. 2021-ൽമാത്രം ഏകദേശം 40 ദശലക്ഷം കുട്ടികൾക്കാണ് അഞ്ചാംപനി വാക്സിൻ നഷ്ടമായത്. രോഗപ്രതിരോധ പരിപാടികൾ ഊർജിതമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2021-ൽ ലോകത്ത് ഒമ്പത് ദശലക്ഷംപേർ രോഗബാധിതരാവുകയും 1,28,000 പേർ മരണപ്പെടുകയുംചെയ്തു. ഏഷ്യയിലെയും ആഫ്രിക്കയിലെയും വികസ്വര രാജ്യങ്ങളുൾപ്പെടെ ഇരുപത്തിരണ്ട് രാജ്യങ്ങളിൽ രോഗ്യവ്യാപനം രൂക്ഷമാണ്.

മലപ്പുറം ജില്ലയിൽ അഞ്ചാം പനി പ്രതിരോധത്തിനുള്ള കൂടുതൽ വാക്സീനുകൾ എത്തി.വാക്സീൻ എടുക്കാത്തവർക്ക് ഭവന സന്ദർശനത്തിലൂടെയടക്കം ബോധവൽക്കരണം നൽകുകയാണ് ആരോഗ്യവകുപ്പ്. ഇതിനിടെ രോഗ പകർച്ചയെ കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘം ഇന്നെത്തും. തുടർന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.അതിനുശേഷമാകും ഏതൊക്കെ പ്രദേശങ്ങൾ സന്ദർശിക്കണം എന്നതടക്കം തീരുമാനിക്കുക.

ജില്ലയിൽ 130 പേർക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. നാളെ നടക്കുന്ന ജില്ലാ വികസന സമിതി യോഗം പ്രതിരോധ നടപടികൾ ചർച്ച ചെയ്യും

Tags:    

Similar News