ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജയിലിലേക്ക്: നികുതി വെട്ടിപ്പ് കേസില്‍ കുറ്റസമ്മതം നടത്തി താരം

ലണ്ടന്‍: ലോകകപ്പിലെ പോര്‍ച്ചുഗലിന്റെ മിന്നുംതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നികുതി വെട്ടിപ്പ് കേസില്‍ പ്രതി. ആദ്യ മല്‍സരത്തില്‍ ഹാട്രിക്കിലൂടെയും രണ്ടാം മല്‍സരത്തില്‍ തകര്‍പ്പന്‍ ഹെഡറിലൂടെയും ആരാധകരെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച്…

By :  Editor
Update: 2018-06-20 23:37 GMT

ലണ്ടന്‍: ലോകകപ്പിലെ പോര്‍ച്ചുഗലിന്റെ മിന്നുംതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നികുതി വെട്ടിപ്പ് കേസില്‍ പ്രതി. ആദ്യ മല്‍സരത്തില്‍ ഹാട്രിക്കിലൂടെയും രണ്ടാം മല്‍സരത്തില്‍ തകര്‍പ്പന്‍ ഹെഡറിലൂടെയും ആരാധകരെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച് ടോപ് സ്‌കോററായി തിളങ്ങിനില്‍ക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജയിലിലാകുമോ എന്ന് ആശങ്കയോടെ വീക്ഷിക്കുകയാണ് ആരാധകര്‍. എന്നാല്‍, അഴിയെണ്ണാതിരിക്കണമെങ്കില്‍ ലോകകപ്പില്‍ നേടുന്ന പ്രതിഫലത്തുകയേക്കാള്‍ കൂടുതല്‍ തുക പിഴയടക്കേണ്ടിവരുമെന്നാണ് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് സൂപ്പര്‍താരം സമ്മതം മൂളിക്കഴിഞ്ഞു.

രണ്ടുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന നികുതി വെട്ടിപ്പു കേസില്‍ റൊണാള്‍ഡോ കുറ്റസമ്മതം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങള്‍ സാധ്യത ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍, രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളില്‍ തടവിനു പകരം പിഴയടച്ച് രക്ഷപ്പെടാന്‍ പോര്‍ച്ചുഗലില്‍ നിയമം അനുവദിക്കുന്നുമുണ്ട്. ഇതിനാല്‍ കേസില്‍ പിഴയടച്ച് റൊണാള്‍ഡോ ജയില്‍ശിക്ഷ ഒഴിവാക്കും. 18.8 മില്യണ്‍ യൂറോ പിഴയടക്കേണ്ടിവരുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

2011 മുതല്‍ 14 വരെയുള്ള കാലയളവില്‍ 14.7 മില്യണ്‍ യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് സ്പാനിഷ് സ്റ്റേറ്റ് പ്രോസിക്യൂട്ടറുടെ ആരോപണം. ഇമേജ് റൈറ്റ്‌സിലൂടെ നേടിയ വന്‍തുക നികുതി ഒഴിവാക്കാനായി രാജ്യത്തിനു പുറത്ത് ഷെല്‍ കമ്പനിയില്‍ നിക്ഷേപിച്ചെന്നാണ് ആരോപണം. ഫുട്‌ബോളില്‍നിന്നുള്ള വരുമാനമൊന്നും നികുതി വെട്ടിപ്പിന്റെ പരിധിയില്‍ പെടുന്നില്ല എന്നതുമാത്രമാണ് ഇതില്‍ ആശ്വാസമായുള്ളത്.

Tags:    

Similar News